തിരുവനന്തപുരം: സംസ്ഥാന ജൂനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ ആദ്യ ദിനത്തിലെ മത്സരങ്ങൾ അവസാനിക്കുമ്പോൾ 9 സ്വർണവും 5 വെള്ളിയും മൂന്ന് വെങ്കലവും ഉൾപ്പടെ നേടി 125 പോയിന്റുമായി തൃശൂർ ഒന്നാം സ്ഥാനത്തെത്തി. ചന്ദ്രശേഖരൻ നായർ സ്റ്രേഡിയ വേദിയായ മീറ്റിൽ10 സ്വർണവും മൂന്ന് വീതം വെള്ളിയും വെങ്കലവും നേടി 114 പോയിന്റുമായി ആതിഥേയരായ തിരുവനന്തപുരമാണ് രണ്ടാം സ്ഥാനത്ത്. പാലക്കാട് ജില്ല 108 പോയിന്റുമായി മൂന്നാം സ്ഥാനത്തും 105പോയിന്റുള്ള എറണാകുളം നാലാം സ്ഥാനത്തുമാണ്. 31 ഫൈനലുകൾ പൂർത്തിയായ ഇന്നലെ അഞ്ച് റെക്കാഡുകളാണ് പിറന്നത്. ആദ്യദിനത്തിൽ 36 ഫൈനലുകൾ പൂർത്തിയായപ്പോൾ ആറ് മീറ്റ് റെക്കാഡുകളാണ് പിറന്നത്.
അണ്ടർ 14 പെൺകുട്ടികളുടെ ട്രയാത്‌ലണിൽ കോഴിക്കോടിന്റെ നന്ദന 1523 പോയിന്റുമായി പുതിയ മീറ്റ് റെക്കാഡ് സ്ഥാപിച്ചു. അണ്ടർ 18 യൂത്ത് പെൺകുട്ടികളുടെ ലോംഗ്ജമ്പിൽ തൃശൂരിന്റെ ആൻസി സോജൻ 5.89 മീറ്റർ ദൂരം ചാടി തന്റെ തന്നെ പേരിലുള്ള മീറ്റ് റെക്കാഡ് തിരുത്തിയെഴുതി. അണ്ടർ 20 ജൂനിയർ പെൺകുട്ടികളുടെ ഷോട്പുട്ടിൽ തിരുവനന്തപുരത്തിന്റെ മേഘ മറിയം മാത്യു 13.32 മീറ്റർ ദൂരത്തേക്ക് ഷോട്ട് പായിച്ച് പുതിയ റെക്കാഡ് കുറിച്ചു. അണ്ടർ 14 ആൺകുട്ടികളുടെ ഷോട്ട്പുട്ടിൽ ആലപ്പുഴയുടെ രാജ് കുമാർ 14.25 മീറ്റർ ദൂരം എറിഞ്ഞ് റെക്കാഡ് പുസ്തകത്തിൽ ഇടം നേടിയപ്പോൾ അണ്ടർ 18 യൂത്ത് ആൺകുട്ടികളുടെ 100 മീറ്ററിൽ തിരുവനന്തപുരത്തിന്റെ സി അഭിനവ് 10.77 സെക്കന്റിൽ ഫിനിഷ് ചെയ്ത് റെക്കാഡ് തിളക്കത്തോടെ സ്വർണമണിഞ്ഞു. 10.84 സെക്കന്റിൽ ഫിനിഷ് ചെയ്ത് വെള്ളി നേടിയ തിരുവനന്തപുരത്തിന്റെ തന്നെ കെ ബിജിതും നിലവിലെ മീറ്റ് റെക്കാഡിനെ മറികടക്കുന്ന പ്രകടനം നടത്തി. ചാംപ്യൻഷിപ്പിന്റെ രണ്ടാം ദിനമായ ഇന്ന് 40 ഫൈനലുകൾ നടക്കും.