തിരുവനന്തപുരം:പി.കെ.ശശി എം.എൽ.എയ്ക്കെതിരായ പീഡന പരാതി അന്വേഷിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് വെള്ളിയാഴ്ച ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പരിഗണിച്ചില്ലെന്ന് വിവരം. പരാതി അന്വേഷിച്ച കമ്മിഷന്റെ റിപ്പോർട്ട് പൂർത്തിയായിട്ടില്ലെന്നാണ് സി.പി.എം വൃത്തങ്ങൾ നൽകുന്ന വിശദീകരണം. ഇതോടെ എം.എൽ.എയ്ക്കെതിരായ നടപടി വൈകുമെന്നും സൂചനയുണ്ട്.
ഷൊർണൂർ എം.എൽ.എയും പാലക്കാട് പാർട്ടി ജില്ലാ സെക്രട്ടേറിയറ്ര് അംഗവുമായ പി.കെ.ശശിയെ സി.പി.എം അതിന്റെ ഏറ്രവും താഴത്തെ ഘടകമായ ബ്രാഞ്ചിലേക്ക് താഴ്ത്തിയേക്കുമെന്നാണ് വിവരം. ഡി.വൈ.എഫ്.ഐ ജില്ലാ നേതാവായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മന്ത്രി എ.കെ.ബാലൻ, പി.കെ.ശ്രീമതി എം.പി എന്നിവരടങ്ങിയ പാർട്ടി അന്വേഷണ കമ്മിഷനാണ് റിപ്പോർട്ട് സമർപ്പിച്ചത്. നാളെ ചേരുന്ന സംസ്ഥാന കമ്മിറ്റിയിൽ റിപ്പോർട്ട് ചർച്ച ചെയ്യുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. യുവതിയുടെ പരാതി മുഖവിലയ്ക്കെടുത്തും മുൻകാലങ്ങളിൽ സമാന സംഭവങ്ങളിലെ കീഴ്വഴക്കങ്ങൾ കണക്കിലെടുത്തുമാണ് ശശിക്കെതിരെ നടപടിയെന്നാണ് സൂചന.
കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി.ശശിക്കെതിരെയും എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപികോട്ടമുറിക്കലിനെതിരെയും ശക്തമായ നടപടിയാണുണ്ടായത്. പി.ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയപ്പോൾ ഗോപി കോട്ടമുറിക്കലിനെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തി. ഗോപി പിന്നീട് സംസ്ഥാന കമ്മിറ്രിയിൽ തിരിച്ചെത്തിയപ്പോൾ പി.ശശിക്ക് പാർട്ടി അംഗത്വം തിരികെ കിട്ടി.
എന്നാൽ പി.കെ.ശശി എം.എൽ.എയാണെന്ന പ്രത്യേകത ഉണ്ട്. ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കാതിരിക്കാൻ ശശിയോട് എം.എൽ.എ പദവി രാജിവയ്ക്കാനാവശ്യപ്പെടുകയില്ല എന്നാണ് സൂചന. എം.എൽ.എ പദവിയിൽ നിന്നും അദ്ദേഹത്തെ നിന്നൊഴിവാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. പാർട്ടി ബ്രാഞ്ച് എന്നത് അംഗത്വം മാത്രമുള്ളവരടങ്ങിയ വേദിയാണ്. പാർട്ടി കമ്മിറ്റി തുടങ്ങുന്നത് ലോക്കൽ ഘടകത്തിലാണ്.എന്നാൽ പരാതിയിലേക്ക് നയിച്ച സാഹചര്യങ്ങളും ശശി ഉന്നയിച്ച ഗൂഢാലോചനാ ആരോപണവും കണക്കിലെടുത്തുള്ള നടപടി കൂടി ഉണ്ടാകുമെന്നും സൂചനയുണ്ട്. അങ്ങനെയാണെങ്കിൽ പാലക്കാട്ടെ പാർട്ടിക്കകത്ത് ഒരു വെട്ടിനിരത്തലിനുള്ള വഴിതെളിയും. ഗുരുതരമായ പരാമർശങ്ങൾ കമ്മിഷൻ റിപ്പോർട്ടിൽ ഉണ്ടായാൽ പാലക്കാട്ടെ സി.പി.എമ്മിൽ ശക്തമായ ചലനങ്ങളാകും ഉണ്ടാക്കുക.