ഹൈദരാബാദ്: ഇന്ത്യയ്ക്കെതിരായടെസ്റ്റ്പരമ്പരയിലെ രണ്ടാമത്തേയും അവസാനത്തേയും മത്സരത്തിൽ ടോസ് നേടി ഒന്നാം ഇന്നംഗ്സ് ബാറ്റിംഗിനിറങ്ങിയ വെസ്റ്റിൻഡീസ് പൊരുതുന്നു. ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ വെസ്റ്റിൻഡീസ് സെഞ്ച്വറിക്ക് രണ്ട് റൺസ് മാത്രം അകലെയുള്ള റോസ്റ്റൺ ചേസിന്റെ (പുറത്താകാതെ 98) ചെറുത്ത് നില്പിന്റെ പിൻബലത്തിൽ 7 വിക്കറ്റ് നഷ്ടത്തിൽ 295 റൺസെടുത്തിട്ടുണ്ട്. 174 പന്ത് നേരിട്ട ചേസ് 7 ഫോറും 1 സിക്സും അടിച്ചു. ക്യാപ്ടൻ ജാസൺ ഹോൾഡറും(52) അർദ്ധ സെഞ്ച്വറി നേടി വിൻഡീസ് ഇന്നിംഗ്സിന് നിർണായക സംഭാവന നൽകി. ഇന്ത്യയ്ക്കായി ഉമേഷ് യാദവ്, കുൽദീപ് യാദവ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
ഓപ്പണർമാരായ ക്രെയ്ഗ് ബ്രാത്ത്വെയ്റ്റും (14), കീറോൺ പവലും (21) അല്പ നേരം ക്രീസിൽ പടിച്ചു നിന്നു. 12മത്തെ ഓവറിലെ ആദ്യ പന്തിൽ പവലിനെ ജഡേജയുടെ കൈയിൽ എത്തിച്ച് അശ്വിനാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. അധികം വൈകാതെ ബ്രാത്ത്വെയ്റ്റിനെ കുൽദീപ് വിക്കറ്റിന് മുന്നിൽ കുടുക്കി. 68 പന്തിൽ 32 റൺസ് നേടി നന്നായി ബാറ്റ് ചെയ്ത് വരികയായിരുന്ന ഹോപ്പിനെ എൽബിയിൽ കുരുക്കി ഉമേഷ് ഇന്ത്യയ്ക്ക് മൂന്നാം വിക്കറ്റ് സമ്മാനിച്ചു. അധികം വൈകാതെ ഹെറ്റ്മേയറും (12) കുൽദീപിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി പുറത്തായി.ആംബ്രിസിനെ ( 18) കുൽദീപ് ജഡേജയുടെകൈയിൽഎത്തിച്ചതോടെ113/5 എന്ന നിലിയിലായി വിൻഡീസ്.പിന്നീട് ഹോപ്പും ഡോവ്റിച്ചും (30) കുറച്ച് നേരം ക്രീസിൽ പിടിച്ച് നിന്ന് വിൻഡീസ് ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചു. പക്ഷേ ടീം സ്കോർ 182 ൽ വച്ച് ഹോപ്പ് ഉമേഷിന്റെ പന്തിൽ എൽബിയിൽ കുരുങ്ങി പുറത്തായി.
തുടർന്ന് ക്രീസിൽ ഒന്നിച്ച ചേസും ഹോൾഡറും വിൻഡീസ് ഇന്നിംഗ്സിലെ നട്ടെല്ലായ കൂട്ടുകെട്ട് പടുത്തുയർത്തുകയായിരുന്നു. ഇരുവരും 7-ാം വിക്കറ്റിൽ104 റൺസ് കൂട്ടിച്ചേർത്തു. ഒടുവിൽ അർദ്ധസെഞ്ച്വറി തികച്ചയുടനെ ഹോപ്പിനെ പന്തിന്റെ കൈയിൽ എത്തിച്ച് ഉമേഷാണ് കൂട്ടുകെട്ട് പൊളിച്ചത്.
2 റൺസുമായി ദേവേന്ദ്റോ ബിഷുവാണ് ഇന്നലെ സ്റ്റമ്പെടുക്കുമ്പോൾ ചെസിനൊപ്പം ക്രീസിൽ.