യുണൈറ്റഡ് നേഷൻസ്: ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗൺസിലിൽ മൂന്ന് വർഷത്തേക്ക് ഇന്ത്യയെ തിരഞ്ഞെടുത്തു. ഏഷ്യ പസഫിക് വിഭാഗത്തിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയാണ് ഇന്ത്യ കൗൺസിലിൽ അംഗമായത്. 2019 ജനുവരി ഒന്ന് മുതൽ മൂന്ന് വർഷത്തേക്കായിരിക്കും അംഗത്വം.
മനുഷ്യാവകാശ കൗൺസിലിലേക്ക് പുതിയ അംഗങ്ങളെ നിയമിക്കുന്നതിന് 193 അംഗങ്ങളുള്ള യു.എൻ ജനറൽ അസംബ്ലിയാണ് രഹസ്യ ബാലറ്റിലൂടെ തിരഞ്ഞെടുപ്പ് നടത്തിയത്. 18 രാജ്യങ്ങളാണ് കൗൺസിലിലേക്ക് തിരഞ്ഞടുക്കപ്പെട്ടത്. കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് കുറഞ്ഞത് 97 രാജ്യങ്ങളുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. ഇന്ത്യയ്‌ക്ക് പുറമെ ബഹറിൻ, ബംഗ്ലാദേശ്, ഫിജി, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളും മത്സരത്തിനുണ്ടായിരുന്നു. ഇന്ത്യയ‌്ക്ക് 188 രാജ്യങ്ങളുടെ പിന്തുണയാണ് ലഭിച്ചത്.
അതേസമയം, കൗൺസിലിലേക്ക് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടത് അന്താരാഷ്ട്ര സമൂഹം രാജ്യത്തിന് നൽകുന്ന അംഗീകരമാണെന്ന് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സെയിദ് അക്‌ബറുദ്ദീൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ ഇന്ത്യയ്‌ക്ക് പിന്തുണ നൽകിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. 2006ൽ സ്ഥാപിതമായ മനുഷ്യാവകാശ കൗൺസിലിൽ ഇത് മൂന്നാം തവണയാണ് ഇന്ത്യ അംഗമാകുന്നത്.