തെലുങ്ക് സൂപ്പർതാരവും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായിരുന്ന എൻ.ടി.രാമറാമുവിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് കതനായകഡു. ഇതിൽ അന്തരിച്ച നടി ശ്രീദേവിയുടെ വേഷം അവതരിപ്പിക്കുന്ന രാകുൽ പ്രീത് സിംഗിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവന്നു.സൂപ്പർഹിറ്റുകളടക്കം 14 ചിത്രങ്ങളിൽ എൻ.ടി.ആറും ശ്രീദേവിയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. താൻ ഇതുവരെ ചെയ്തതിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷമാണിതെന്നും കഥാപാത്രത്തോട് നീതി പുലർത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും രാകുൽ പ്രീത് സിംഗ് പറഞ്ഞു.
എൻ.ടി.ആറിന്റെ ആദ്യ ഭാര്യയായ ബസവന്തരകയുടെ വേഷത്തിൽ എത്തുന്നത് ബോളിവുഡ് താരം വിദ്യാബാലനാണ്. മഹേഷ് ബാബു , വെങ്കിടേഷ്, റാണാ ദഗുബതി, പ്രകാശ് രാജ്, നാഗചൈതന്യ, കീർത്തി സുരേഷ്, മുരളി ശർമ്മ തുടങ്ങി വലിയ താരനിര ഇതിൽ അണിനിരക്കുന്നുണ്ട്. കൃഷ് സംവിധാനം ചെയ്യുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുക. ആദ്യ ഭാഗം ജനുവരി 9നും രണ്ടാംഭാഗം ജനുവരി 24നും തിയേറ്ററുകളിലെത്തും. സംഗീതസംവിധാനം: കീരവാണി.