njan-prakashan

ഫഹദ് ഫാസിലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഞാൻ പ്രകാശന്റെ ഷൂട്ടിംഗ് എറണാകുളത്ത് പൂർത്തിയായി. പതിനാറ് വർഷത്തിന് ശേഷം ശ്രീനിവാസൻ സത്യൻ അന്തിക്കാടിന് വേണ്ടി തിരക്കഥ രചിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ശ്രീനിവാസൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്.

നിഖില വിമലാണ് നായിക. ബി.എസ്സി നഴ്‌സിംഗ് പഠിച്ച ശേഷം വിദേശത്ത് ജോലിക്കായി ശ്രമിക്കുന്ന പ്രകാശൻ എന്ന കഥാപാത്രമായാണ് ഫഹദ് എത്തുന്നത്. കെ.പി.എ.സി ലളിത, സബിത ആനന്ദ്, ജയശങ്കർ കരിമുട്ടം, വീണ നായർ, മുൻഷി ദിലീപ്, മഞ്ജു മറിമായം തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. എസ്. കുമാർ ഛായാഗ്രഹണം നിർവഹിക്കുന്ന ഞാൻ പ്രകാശന് സംഗീതം നൽകുന്നത് ഷാൻ റഹ്മാനാണ്. ഫുൾമൂൺ സിനിമാസിന്റെ ബാനറിൽ സേതു മണ്ണാർക്കാടാണ് നിർമ്മാണം. ക്രിസ്മസ് റിലീസായി കലാസംഘം ചിത്രം തിയേറ്ററുകളിലെത്തിക്കും.


അതേസമയം ചിത്രം പൂർത്തിയാക്കിയ ഫഹദ് ഒരാഴ്ചത്തെ വിശ്രമത്തിനുശേഷമേ അടുത്ത ചിത്രത്തിൽ അഭിനയിക്കൂ. എറണാകുളത്ത് ചിത്രീകരണം പുരോഗമിക്കുന്ന കുമ്പളങ്ങി നൈറ്റ്‌സിലാണ് ഫഹദ് ഇനി അഭിനയിക്കുന്നത്. ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ്, വർക്കിംഗ്ക്‌ളാസ് ഹീറോ എന്നിവയുടെ ബാനറിൽ നസ്രിയ നസിം, ദിലീഷ് പോത്തൻ, ശ്യാം പുഷ്‌കരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന കുമ്പളങ്ങി നൈറ്റ്‌സ് സംവിധാനം ചെയ്യുന്നത് നവാഗതനായ മധു സി. നാരായണനാണ്. വാഗമണ്ണിലായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരിച്ചത്.