niya2

ജയ് ഇരട്ടവേഷത്തിലെത്തുന്ന തമിഴ് ചിത്രം നീയാ 2 പ്രദർശനത്തിനെത്തുന്നു. എൽ. സുരേഷ് സംവിധാനം ചെയ്യുന്നഈചിത്രത്തിൽ റായ് ലക്ഷ്മി, കാതറിൻ തെരേസാ, വരലക്ഷ്മി ശരത് കുമാർ എന്നിവരാണ് നായികമാർ. വരലക്ഷ്മി ശരത്കുമാർ നാഗകന്യകയുടെ വേഷമാണ് അവതരിപ്പിക്കുന്നത്. ഹൊറർ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന നീയാ 2ൽ ഒരു രാജവെമ്പാലയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മിഴിവേറുന്ന ഗ്രാഫിക്‌സ് രംഗങ്ങളാണ് മറ്റൊരു പ്രത്യേകത.

ചാലക്കുടി, കൊടൈക്കനാൽ, ഊട്ടി, തലക്കോണം, പോണ്ടിച്ചേരി എന്നിവിടങ്ങളിലായാണ് ഷൂട്ടിംഗ് പൂർത്തിയായത്. ജംബോ സിനിമാസിന്റെ ബാനറിൽ എ. ശ്രീധറാണ് നിർമ്മാണം. ഛായാഗ്രഹണം: രാജവേൽ മോഹൻ, സംഗീതസംവിധാനം: സബീർ. കമലഹാസൻ, മുത്തുരാമൻ, ശ്രീപ്രിയ, ലത എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച് 1979ൽ പുറത്തിറങ്ങിയ ഹൊറർ ചിത്രമാണ് നീയാ. എന്നാൽ ഈ ചിത്രവുമായി നീയാ 2ന് ബന്ധമൊന്നുമില്ലെന്നും കഥയ്ക്ക് അനിവാര്യമായതിനാൽ നിർമ്മാതാക്കളിൽ നിന്ന് ടൈറ്റിൽ അവകാശം വാങ്ങുകയായിരുന്നുവെന്നും അണിയറ പ്രവർത്തകർ പറയുന്നു.