dauntown

തിരുവനന്തപുരം: ഒറ്റ മേൽക്കൂരയ്ക്ക് കീഴിൽ 15 തിയേറ്ററുകൾ, അതും ഐമാക്‌സ്. ഹൈ ഡെഫിനിഷൻ സ്‌ക്രീനുകൾ, ഡോൾബി സൗണ്ട് സിസ്റ്റം. ടിക്കറ്റെടുക്കാനും വിശ്രമിക്കാനും ഭക്ഷണത്തിനും ചായയ്ക്കും ഒന്നിനും എവിടെയും പോകേണ്ട.താമസസൗകര്യവും റെഡി. രണ്ടു വർഷം കൂടി കഴിഞ്ഞാൽ നഗരത്തിൽ ഉയരുന്ന വമ്പൻപദ്ധതിയായ ഐ.ടി പാർക്ക് കം ലൈഫ് െ്രെ്രസൽ എന്റർടെയിൻമെന്റ് മാളായ ഡൗൺടൗൺ ട്രിവാൻഡ്രത്തിലെ സൗകര്യങ്ങളാണിത്. ടെക്‌നോപാർക്കിന്റെ മൂന്നാം ഘട്ടം വികസിക്കുന്ന കുളത്തൂരിലാണ് ഇരുപതേക്കറിൽ പുതിയ സംവിധാനമുയരുന്നത്. മൊത്തം ചെലവ് 1500 കോടി രൂപ. ആറുമാസത്തിനകം ഐ.ടി കമ്പനികൾ ഇതിലേക്ക് ചേക്കേറും. പിന്നീട് 2020 ഓടെ മൾട്ടിപ്‌ളക്‌സ് തിയേറ്ററുകൾ ഉൾപ്പെടെയുള്ള ഒന്നാം ഘട്ടവും പൂർത്തിയാകും. ഒറ്റയ്ക്ക് താമസിക്കാൻ സിംഗിൾ ബെഡ് അപ്പാർട്ട്‌മെന്റ്‌സ്, കൂട്ടമായി താമസിക്കാൻ ത്രീബെഡ് റൂം ഫ്‌ളാറ്റ്. എല്ലാം കുറഞ്ഞ വാടകയിൽ, ബിസിനസ് ഹോട്ടലും ഉണ്ടായിരിക്കും. അന്താരാഷ്ട്ര ഫിലിംഫെസ്റ്റിവൽ പോലും ഇവിടെവച്ച് നടത്താമെന്ന് നിർമ്മാതാക്കൾ പറയുന്നു.


നിർമ്മാണത്തിന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കമിട്ടു. പറഞ്ഞതിലും നേരത്തേ പണിതീർക്കുമെന്ന വാഗ്ദാനവുമായാണ് നിർമ്മാതാക്കളായ അമേരിക്കൻ കമ്പനി ടോറസും പങ്കാളികളായ എംബസി ഗ്രൂപ്പും അസറ്റ് ഹോംസും വേദിവിട്ടത്. 57 ലക്ഷം ചതുരശ്ര അടിയാണ് മൊത്തം നിർമ്മാണ മേഖല. എംബസി ടോറസ് ടെക്സോൺ എന്ന പേരിൽ ഐ.ടി മേഖലയ്ക്കായി 33 ലക്ഷം ചതുരശ്ര അടിയും ടോറസ് സെൻട്രം എന്ന പേരിൽ വിനോദ വ്യവസായ മേഖലയ്ക്കായി 12 ലക്ഷം ചതുരശ്ര അടിയും മാറ്റിവച്ചിട്ടുണ്ട്.


ടോറസ് സെൻട്രം മാൾ, 200 മുറികളുള്ള ബിസിനസ് ക്ലാസ് ഹോട്ടൽ, 315 മുറികളുള്ള സർവീസ്ഡ് അപാർട്ട്മെന്റ്‌സ് (അസറ്റ് ടോറസ് ഐഡന്റിറ്റി) എന്നിവയും പദ്ധതിയിൽ ഉൾപ്പെടും.