തിരുവനന്തപുരം : ജവഹർലാൽ നെഹ്രു നാഷണൽ അർബൻ റിന്യൂവൽ മിഷൻ (ജൻറം) പദ്ധതിക്ക് നഗരത്തിൽ പുതുജീവൻ. പദ്ധതിയുടെ ഭാഗമായി വർഷങ്ങൾക്ക് മുമ്പേ തുടക്കം കുറിച്ചെങ്കിലും പാതിവഴിയിൽ നിലച്ച പ്രവൃത്തികൾ പുനരാരംഭിച്ചു. നഗരത്തിലെ അഞ്ചിടങ്ങളിലാണ് പണികൾ ആരഭിച്ചത്. നഗരത്തിൽ ജൻറം പദ്ധതികൾ അനന്തമായി നീളുന്നതിനെ തുടർന്ന് മേയർ വി.കെ. പ്രശാന്ത് നടത്തിയ ഇടപെടലാണ് ഫലം കണ്ടത്. തിരുമല സോണിന്റെ രണ്ടാംഭാഗത്തെ പണികൾ കഴിഞ്ഞ ദിവസം ആരംഭിച്ചു. അഞ്ച് റീച്ചായാണ് ഈ ഭാഗത്തെ പണികൾ ശേഷിക്കുന്നത്. കുലശേഖരം യു.പി സ്‌കൂളിനു സമീപത്തെ പ്ലാവോട് റോഡിൽ പൈപ്പിടാനുള്ള പണികൾ ആരംഭിച്ചു.
ന്യൂ സെൻട്രൽ സോണിൽ വരുന്ന വെൺപാലവട്ടം, പൗഡിക്കോണം, ഞാണ്ടൂർക്കോണം ഭാഗങ്ങളിൽ പൈപ്പിടലും ഇന്റർ കണക്ഷൻ ജോലികളും തുടങ്ങി. തിരുമല സോണിൽ വയലിക്കട ഹരിത നഗർ, മൂന്നാംമൂട്, കിള്ളിപ്പാലം ചിറപ്പാലം ബണ്ട് റോഡ്, കാലടി ഇളംതെങ്ങ് റോഡ്, വിജയമോഹിനി മില്ലിനു സമീപം തുടങ്ങിയ ഭാഗങ്ങളിൽ 8500 മീറ്റർ പൈപ്പ് സ്ഥാപിക്കണം. മാർച്ച് അവസാനത്തോടെ ജൻറം പദ്ധതികൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം. നഗരസഭയുടെ വിവിധ വാർഡുകളിലായി 200 കിലോമീറ്ററോളം ദൂരം പൈപ്പിടാനും 300 കിലോമീറ്റർ പൈപ്പ് ലൈനുകളിൽ പണിപൂർത്തിയാക്കി കമ്മിഷൻ ചെയ്യേണ്ടതായുമുണ്ട്. ഈ പണികൾക്കായി നഗരസഭ 45 കോടിയും സർക്കാർ 21 കോടിയും ജല അതോറിട്ടിക്കു നൽകിയിട്ടുണ്ട്. ജൻറം പദ്ധതിയുടെ അവലോകനത്തിനായി ജൂലായിൽ മന്ത്രി മാത്യു ടി. തോമസ് വിളിച്ചു ചേർത്ത യോഗത്തിൽ നഗരത്തിൽ പണികൾ ഉടൻ പൂർത്തിയാക്കണമെന്ന കർശനനിലപാടാണ് മേയർ വി.കെ. പ്രശാന്ത് സ്വീകരിച്ചത്.
വകുപ്പുകളുടെ ഏകോപനക്കുറവ് കാരണം പദ്ധതി അനന്തമായി നീട്ടികൊണ്ടുപോകാനാകില്ലെന്നും മേയർ യോഗത്തിൽ പറഞ്ഞു. തുടർന്നാണ് മൂന്നു മാസത്തിനുള്ളിൽ പണികൾ പുനരാരംഭിക്കാൻ യോഗത്തിൽ തീരുമാനിച്ചത്. പദ്ധതി പൂർത്തിയാകുന്നതോടെ നഗരത്തിലെ ഉയർന്ന പ്രദേശങ്ങളിൽ നിലനിൽക്കുന്ന കുടിവെള്ളക്ഷാമത്തിനും പരിഹാരം കാണാനാകുമെന്നാണ് പ്രതിക്ഷ. അരുവിക്കര നിന്ന് വിവിധപ്രദേശങ്ങളിലെ വലിയ വാട്ടർ ടാങ്കുകളിൽ വെള്ളം ശേഖരിച്ച് കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ പുതിയ ലൈനിട്ട് കണക്ഷൻ നൽകുന്നതാണ് പദ്ധതി.