തിരുവനന്തപുരം: പാറിപ്പറക്കുന്ന കൊടിയും അതു കെട്ടാനുള്ള വടിയുമില്ല, തൊണ്ടപൊട്ടിയുള്ള മുദ്രാവാക്യം വിളികളില്ല, ബാരിക്കേഡ് തകർക്കലും ജലപീരങ്കി ചീറ്റിക്കലുമില്ല. കണ്ണീർവാതക ഷെല്ലുമില്ല...വ്യത്യസ്ത സമരങ്ങൾക്ക് സാക്ഷ്യംവഹിക്കാറുള്ള സെക്രട്ടേറിയറ്റ് നടയിൽ ഇന്നലെ കണ്ടത് വേറിട്ടൊരു സമരം. ശബരിമല സ്ത്രീപ്രവേശനത്തിനെതിരെയും ആചാരങ്ങൾ നിലനിറുത്തണമെന്ന് ആവശ്യപ്പെട്ടും പന്തളം അയ്യപ്പ ധർമ്മസംരക്ഷണ സമിതി സംഘടിപ്പിച്ച ഏകദിന നാമജപ യജ്ഞമാണ് നഗരവാസികൾക്ക് കൗതുകമായത്. രാവിലെ തുടങ്ങിയ സമരത്തിൽ ആദ്യഘട്ടത്തിൽ ചില നേതാക്കളുടെ പ്രസംഗങ്ങൾ. പിന്നെ ഉയർന്നു കേട്ടത് സ്വാമി അയ്യപ്പാ വിളികളും ശരണമന്ത്രങ്ങളും. സ്ത്രീകളടക്കമുള്ള വൻ ജനപങ്കാളിത്തവും ശ്രദ്ധേയമായി. വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും ജനപ്രതിനിധികളും മുൻ എം.എൽ.എമാരുമടക്കമുള്ളവർ സമരത്തിന്റെ ഭാഗമായി എത്തിയെങ്കിലും ആരുടെ നാവിൽ നിന്നും രാഷ്ട്രീയത്തിന്റെ തരിമ്പും പുറത്തേക്കു വന്നില്ല. തീർത്തും അയ്യപ്പ വിശ്വാസത്തിൽ അധിഷ്ഠിതമായ സമരം.
രാവിലെ 10 മണിയോടെ വൻ ജനക്കൂട്ടം സെക്രട്ടേറിയറ്രിന് മുന്നിലെത്തി. പന്തളം കൊട്ടാര പ്രതിനിധികളും ശബരിമല അയ്യപ്പസേവാ സമാജം ഭാരവാഹികളും നേരത്തേ എത്തി. ശബരിമല സംരക്ഷണ കൂട്ടായ്മയും അഭിവാദ്യമർപ്പിക്കാൻ പ്രകടനമായി എത്തി. സ്ത്രീ പ്രവേശന പ്രശ്നത്തിൽ കേസിൽ കക്ഷി ചേർന്നിരുന്ന 'റെഡി ടു വെയിറ്റ് " കൂട്ടായ്മയുടെ ഭാരവാഹികളും സജീവമായി പങ്കെടുത്തു. പതിവ് മുദ്രാവാക്യങ്ങൾക്ക് പകരം 'സ്വാമിയേശരണം ശരണമയ്യപ്പാ, പമ്പാവാസാ ശരണമയ്യപ്പ" തുടങ്ങിയ മുദ്രാവാക്യങ്ങളാണ് സമരക്കാർ മുഴക്കിയത്. യജ്ഞത്തിന്റെ ഉദ്ഘാടനം കഴിഞ്ഞതോടെ സ്റ്റാച്യു ഭാഗത്ത് വാഹനഗതാഗതം ഒരുവശത്തുകൂടി മാത്രമായി. പതിവ് പൊലീസ് സന്നാഹങ്ങൾ കാണാനായില്ലെങ്കിലും ഗതാഗതം നിയന്ത്രിക്കാൻ അവർ നന്നെ കഷ്ടപ്പെട്ടു.
ഉദ്ഘാടന ചടങ്ങ് കഴിഞ്ഞതോടെ അയ്യപ്പകീർത്തനങ്ങളും മണ്ഡല മകരവിളക്ക് കാലത്തെ ഗാനങ്ങളും ഇടയ്ക്കിടെ വിശ്വാസികൾ ആലപിച്ചുകൊണ്ടിരുന്നു. അയ്യപ്പസേവാസംഘം പ്രസിഡന്റ് മോഹൻ കെ.നായർ, വിഷ്ണുപുരം ചന്ദ്രശേഖരൻ, ഹിന്ദു യുവവാഹിനി പ്രസിഡന്റ് അനിൽ നാരായണൻ, ജി. ഗോവർദ്ധനൻ നായർ, ടി.ആർ. രമേശ്, മണി എസ്. തിരുവല്ല, എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് എം. സംഗീത്കുമാർ, കിളിമാനൂർ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു. വൈകിട്ടോടെയാണ് സമരം സമാപിച്ചത്.