തിരുവനന്തപുരം: കേന്ദ്ര നിയമ മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് തീർപ്പാക്കാനുള്ള വിവാഹ മോചനക്കേസുകൾ ഏറ്റവും കൂടുതൽ ഉത്തർപ്രദേശിലാണ്. എന്നാൽ ജനസംഖ്യയിൽ ഉത്തർപ്രദേശിന്റെ ഏഴിലൊന്നു മാത്രമുള്ള കേരളം 61,970 കേസുകളുമായി തൊട്ടു പിന്നിലുണ്ട്. സംസ്ഥാനത്തെ വിവാഹ മോചനക്കേസുകളുടെ എണ്ണത്തിൽ തിരുവനന്തപുരമാണ് ഒന്നാം സ്ഥാനത്ത്. കേസുകളുടെ ബാഹുല്യത്താൽ തിരുവനന്തപുരം വഞ്ചിയൂരിലെ കുടുംബ കോടതി വീർപ്പുമുട്ടുന്നു.
രാജ്യത്തെ കോടതികളിലെ ഇ-കോർട്ട് സംവിധാനം ഏകോപിപ്പിച്ച് കേന്ദ്രം നടപ്പിലാക്കിയ നാഷണൽ ജുഡിഷ്യൽ ഡാറ്റാ ഗ്രിഡ് വെബ്സൈറ്റിലെ റിപ്പോർട്ടനുസരിച്ച് , കേരളത്തിലെ കുടുംബ കോടതികളിൽ ഏറ്രവും കൂടുതൽ വഴക്കുകൾ തീർപ്പാക്കാനുള്ളതും ഫയൽ ചെയ്യപ്പെടുന്നതും തിരുവനന്തപുരം വഞ്ചിയൂരിലാണ്. ആറായിരത്തിലധികം കേസുകൾ ഇവിടെ തീർപ്പാക്കാനുണ്ടെന്നും കഴിഞ്ഞമാസം മാത്രം 350ൽ അധികം കേസുകൾ പുതിയതായി ഫയൽ ചെയ്തതായും റിപ്പോർട്ടുണ്ട്. വർദ്ധന മൂലം കേസുകൾ സമയത്ത് തീർപ്പാക്കാൻ കഴിയാതെ പോകുന്നു. വഞ്ചിയൂർ കൂടാതെ ആറ്റിങ്ങലിലും നെടുമങ്ങാട്ടും കുടുംബ കോടതികൾ ഉണ്ട്. നെയ്യാറ്രിൻകരയിൽ കുടുംബ കോടതി സ്ഥാപിക്കുമെന്ന് തീരുമാനമുണ്ടായെങ്കിലും ഇതുവരെയും നടപ്പായില്ല.
എന്തുകൊണ്ട് തിരുവനന്തപുരം
21 വില്ലേജുകളാണ് തിരുവനന്തപുരം വഞ്ചിയൂർ കോടതിയുടെ അധികാരപരിധിയിൽ. പുതുവർഷത്തിന് കഷ്ടിച്ച് മൂന്നു മാസം മാത്രം ബാക്കി നിൽക്കെ വഞ്ചിയൂർ കോടതിയിൽ 2500 ഓളം കേസുകൾ ഈ വർഷം ഫയൽ ചെയ്യപ്പെട്ടു. വിവാഹ മോചനം, ജീവനാംശം, കുട്ടികളിന്മേലുള്ള അവകാശം എന്നിങ്ങനെ അനവധി കേസുകളാണ് ഫയൽ ചെയ്യപ്പെടുന്നത്. ജനസാന്ദ്രതയാണ് കേസുകൾ വർദ്ധിക്കാനുള്ള പ്രധാന കാരണം. മറ്റു ജില്ലകളിൽ നിന്നുള്ളവർ ജോലിക്കായും താമസത്തിനുമായി തിരുവനന്തപുരത്തെ തിരഞ്ഞെടുക്കുമ്പോൾ നിയമപ്രകാരം വഞ്ചിയൂർ കുടുംബ കോടതിക്കാണ് അധികാരപരിധിയുണ്ടാകുക.
ലാ കോളേജ് അസിസ്റ്റന്റ് പ്രൊഫസറും പിഎച്ച്.ഡി ഗവേഷകനുമായ സജി കുമാറിന്റെ അഭിപ്രായത്തിൽ നഗരത്തിന്റെ ചില പ്രത്യേകതകൾ കേസുകൾ വർദ്ധിക്കാനുള്ള കാരണമായിത്തീരുകയാണ്. ഹിന്ദുക്കൾ ഏറ്റവും കൂടുതലുള്ള ജില്ലയാണ് തിരുവനന്തപുരം. മറ്രു മതവിഭാഗക്കാർക്ക് വിവാഹപൂർവ കൗൺസലിംഗ് പോലെയുള്ള സംവിധാനങ്ങൾ അവരുടെ ഇടയിൽ തന്നെ ഉള്ളപ്പോൾ, ഹിന്ദുക്കൾക്ക് ഇത്തരത്തിലുള്ള സൗകര്യങ്ങൾ പരിമിതമാണ്. സിറ്രിയായ തിരുവനന്തപുരത്തിലെ ജനങ്ങളുടെ ജീവിതരീതിയും നിയമപരമായ അവകാശങ്ങളിൽ ബോധവാന്മാരായ സമൂഹവും എല്ലാം നഗരത്തിലെ കുടുംബ കേസുകൾ വർദ്ധിക്കാൻ കാരണമാകുന്നു.
ശിഥിലമാകുന്ന ബന്ധങ്ങൾ
മദ്യപാനം, പരസ്ത്രീ, പരപുരുഷ ബന്ധം, സ്ത്രീധനം എന്നിങ്ങനെ മുൻകാലങ്ങളിൽ കേട്ടിരുന്ന പ്രശ്നങ്ങളിൽ തുടങ്ങി ലൈംഗിക അസംതൃപ്തിയും, ഫോൺ, സോഷ്യൽ മീഡിയ ഉപയോഗങ്ങളുമുൾപ്പെടെയുള്ള കാരണങ്ങൾ ഇന്ന് കുടുംബ ബന്ധങ്ങളെ തകർക്കുന്നുവെന്ന് വഞ്ചിയൂർ കോടതിയിലെ പ്രിൻസിപ്പൽ കൗൺസലർ ആർ.എൽ. അനിൽ കുമാർ പറയുന്നു. പലപ്പോഴും നിസാര പ്രശ്നങ്ങളിലാണ് ഓരോ വഴക്കുകളും ആരംഭിക്കുന്നത്. എന്നാൽ ഇന്നത്തെ സമൂഹം അവയെ നേരിടാൻ പ്രാപ്തരല്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.