തിരുവനന്തപുരം: ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നറിഞ്ഞിട്ടും പലരും ആ വഴികളിലൂടെ തന്നെ സഞ്ചരിക്കുന്നു. ഇത്തരത്തിൽ ജീവിതം ഹോമിക്കുന്നവർ നിരവധി. ലോകത്ത് ഒാരോ 40 സെക്കൻഡിലും ഒരാൾ വീതം ആത്മഹത്യ ചെയ്യുന്നുണ്ട് എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ആത്മഹത്യയ്ക്കൊരുങ്ങുന്നവരോട് ഒന്ന് തുറന്ന് സംസാരിച്ചാൽ ഒരു പക്ഷേ ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞേക്കാം. അങ്ങനെ ആത്മഹത്യാ മുനമ്പിൽ നിൽക്കുന്നവരെ അതിൽ നിന്ന് പിന്തിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബിഫ്രണ്ടേഴ്സ് വേൾഡ്വൈഡ് എന്ന ആഗോളസംഘടനയുടെ കീഴിൽ തിരുവനന്തപുരം പാറോട്ടുകോണത്ത് 2015ൽ തുടങ്ങിയ ആത്മഹത്യാ പ്രതിരോധ സന്നദ്ധ സംഘടനയാണ് ‘സഞ്ജീവനി’.
3 വർഷത്തെ പ്രവർത്തനത്തിനിടെ 620-ൽ അധികം വ്യക്തികൾക്ക് വൈകാരിക പിന്തുണ നൽകാൻ സഞ്ജീവനിക്ക് കഴിഞ്ഞു. 17 സന്നദ്ധപ്രവർത്തകരാണ് സഞ്ജീവനിയിൽ സൗജന്യ സേവനമനുഷ്ഠിക്കുന്നത്. ബിഫ്രണ്ടേഴ്സ് വേൾഡ്വൈഡിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത് 'ബിഫ്രണ്ടേഴ്സ് ഇന്ത്യ' ആണ്. ബിഫ്രണ്ടേഴ്സ് ഇന്ത്യയുടെ പ്രസിഡന്റ് കേരള ഹൈക്കോടതിയിൽ സേവനം അനുഷ്ഠിക്കുന്ന രാജേഷ് ആർ. പിള്ളയും സെക്രട്ടറി നാഗേഷ് സൂദുമാണ്.
ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിലായി 16 സൗഹൃദകേന്ദ്രങ്ങളുണ്ട്. (സഞ്ജീവനി) തിരുവനന്തപുരം, തണൽ (കോഴിക്കോട്), പ്രതീക്ഷ (നോർത്ത് പറവൂർ), മൈത്രി (കൊച്ചി) എന്നിവയാണ് സഞ്ജീവനിയുടെ കേരളത്തിലെ കേന്ദ്രങ്ങൾ. ഡോ. പി.എ. തോമസാണ് സഞ്ജീവനിയുടെ മുഖ്യ രക്ഷാധികാരി. കെ. ശിവരാജ വിജയൻ, സണ്ണിക്കുട്ടി എബ്രഹാം, ഡോ. സുശീല മാത്യു, ഡോ. എൻ.പി. ഹാഫിസ് മൊഹമ്മദ്, ഡോ. അരുൺ ബി. നായർ, ലിറ്റോ പാലത്തിങ്കൽ, രാജേഷ് ആർ. പിള്ള തുടങ്ങിയവർ മറ്റു രക്ഷാധികാരികൾ. സഞ്ജീവനിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് മാത്യസ് വേങ്ങൽ (ഡയറക്ടർ), ഡോ. അജിതാബായി, ഡോ. ടി. എമിലിയ എബ്രഹാം, അഡ്വ. കെ.ആർ. ലക്ഷ്മി ദേവി (ഡെ. ഡയറക്ടേഴ്സ്), സൂസൻ പുന്നൻ (സെക്രട്ടറി), രേണുക തോമസ് (ട്രഷറർ) തുടങ്ങിയവരാണ്.