amith-sha

ന്യൂഡൽഹി: മീ ടൂ ക്യാമ്പയിനിനെ തുടർന്ന് ലൈംഗികാരോപണം നേരിടുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്‌ബറിനെതിരായ എല്ലാ പരാതികളും പരിശോധിക്കുമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. 'നമുക്ക് നോക്കാം അദ്ദേഹത്തിനെതിരെ ഉയർന്ന ആരോപണങ്ങൾ ശരിയോ തെറ്റോ എന്ന്. ആരോപണങ്ങളും അത് ഉന്നയിക്കപ്പെട്ടവരെയും കൂടുതൽ വിശകലനം ചെയ്യേണ്ടിയിരിക്കുന്നു. നിങ്ങൾക്ക് എന്റെ പേര് പറഞ്ഞ് എന്തും എവിടെയും പോസ്‌റ്റ് ചെയ്യാം. പക്ഷേ അതിന്റെ സത്യാവസ്ഥ തിരിച്ചറിയപ്പെടേണ്ടതാണ്' -അമിത് ഷാ പറഞ്ഞു.

മീ ടൂ വിവാദം രാജ്യത്ത് കത്തിപ്പടരവെ ആദ്യമായാണ് ബി.ജെ.പിയുടെ ഉന്നത നേതൃത്വം ഇതുസംബന്ധിച്ച് പ്രതികരിക്കുന്നത്. ബി.ജെ.പി അദ്ധ്യക്ഷൻ തന്നെ പ്രതികരിച്ച പശ്ചാത്തലത്തിൽ അക്‌ബറിനെതിരെ നടപടി ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.എന്നാൽ ആർക്കെതിരെയും എന്ത് ആരോപണവും ഉന്നയിക്കപ്പെടാവുന്ന ഒരു പ്ളാറ്റ്ഫോമായി സോഷ്യൽ മീഡിയ മാറിക്കഴിഞ്ഞെന്നും ഷാ കൂട്ടിച്ചേർത്തു.

അതേസമയം, അക്‌ബറിനെതിരെ പരാതിയുമായി കഴിഞ്ഞ ദിവസം കൊളബിയൻ മാദ്ധ്യമപ്രവർത്തകയും രംഗത്തെത്തി. ഇതോടുകൂടി അക്‌ബറിനെതിരായ എട്ടാമത്തെ ലൈംഗിക പീഡന പരാതിയാണ് ലഭിക്കുന്നത്. 2007ൽ ഏഷ്യൻ ഏജ് പത്രത്തിൽ ഇന്റേൺഷിപ്പ് ചെയ്യുമ്പോൾ അക്‌ബർ മോശമായി പെരുമാറി എന്നാണ് ഇപ്പോൾ അമേരിക്കയിലുള്ള യുവതി പറയുന്നത്.

എന്തായാലും മീടൂ ക്യാമ്പയിനിലൂടെ കൂടുതൽ സ്ത്രീകൾ പരാതിയുമായി രംഗത്തെത്തുന്ന സ്ഥിതിയ്‌ക്ക് ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് നാല് ജഡ്‌ജിമാരുൾപ്പെടുന്ന പ്രത്യേക സമിതി രൂപീ കരിക്കാൻ കേന്ദ്രവനിതാ ശിശുക്ഷേമ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട് .