തിരുവനന്തപുരം: ശബരിമലയുടെ പേരിൽ നടത്തുന്ന സമരങ്ങളിൽ ആർ.എസ്.എസുമായി അണിചേർന്നിരിക്കുന്ന എൻ.എസ്.എസ് (നായർ സർവീസ് സൊസൈറ്റി) അതിലെ അപകടം തിരിച്ചറിയണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. പാർട്ടി പത്രത്തിൽ 'രണ്ടാം വിമോചനസമര മോഹം' എന്ന ലേഖനത്തിലാണ് എൻ.എസ്.എസിനുള്ള കോടിയേരിയുടെ മുന്നറിയിപ്പ്.
ലോക്‌സഭാ തെരഞ്ഞടുപ്പിൽ കേരളത്തിൽ അക്കൗണ്ട് തുറക്കാൻ കഴിയാത്ത ബി.ജെ.പി അയ്യപ്പന്റെ പേരിൽ വികാരം ഇളക്കി അക്കൗണ്ട് തുറക്കാനാകുമോയെന്ന പരീക്ഷണമാണ് നടത്തുന്നത്.ഈ വിഷയത്തിൽ ബി.ജെ.പി -ആർ.എസ്.എസ് രാഷ്ട്രീയദൗത്യത്തിന് കോൺഗ്രസും ആ കക്ഷി നയിക്കുന്ന യു.ഡി.എഫും ശക്തിപകരുകയാണ്. എന്നാൽ ഇത് എൻ.എസ്.എസ് നേതൃത്വം തിരിച്ചറിയുന്നില്ലെന്നും കോടിയേരി ലേഖനത്തിൽ സൂചിപ്പിക്കുന്നു.
'എൻ.എസ്.എസിന്റെ പല കരയോഗങ്ങളുടെയും ഭാരവാഹികൾ 'നാമജപ ഘോഷയാത്രയ്‌ക്ക്' ആളെ കൂട്ടുകയും ആളുകൂടുമ്പോൾ അതിന്റെ നേതൃത്വം ആർ.എസ്.എസ്-ബി.ജെ.പി നേതാക്കളുടേതാകുകയും ചെയ്യുന്നു. ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്ന എൻ.എസ്.എസ് നേതൃത്വത്തിന്റെ സമീപനത്തിൽനിന്ന് ആർ.എസ്.എസ്-ബി.ജെ.പി രാഷ്ട്രീയമുതലെടുപ്പ് നടത്തുന്നു. ഇതിലൂടെ എൻ.എസ്.എസ് കരയോഗങ്ങളെ തങ്ങളുടെ കൈപ്പിടിയിൽ ഒതുക്കാനുള്ള പദ്ധതിയാണ് ആർ.എസ്.എസ് നടപ്പാക്കുന്നത്' -കോടിയേരി കുറ്റപ്പെടുത്തി.