സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കുമ്പോൾ ജീവനക്കാർക്ക് യാതൊരു ആശങ്കയും വേണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേരള ബാങ്ക് രൂപീകരണത്തിന്റെ പേരിൽ ബ്രാഞ്ചുകൾ പൂട്ടുകയോ, ജീവനക്കാരെ കുറയ്ക്കുകയോ ചെയ്യില്ലെന്നും അദ്ദേഹം ജീവനക്കാരുടെ സർവ്വീസ് സംഘടനകളുമായുള്ള ചർച്ചയിൽ പറഞ്ഞു. കേരള ബാങ്ക് സർക്കാരിന്റെ സ്വപ്ന പദ്ധതിയാണ്, ബാങ്ക് രൂപീകരണത്തിനായുള്ള അനുമതികളെല്ലാം സ്വന്തമാക്കിയിട്ടും ബാങ്ക് എന്ന് മുതൽ പ്രവർത്തനം ആരംഭിക്കാനാവും എന്ന് പറയാൻ സർക്കാരിന് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാനജില്ല സഹകരണ ബാങ്ക് ജീവനക്കാരുടെ എല്ലാ സർവ്വീസ് സംഘടനകളെയും സർക്കാർ ചർച്ചയ്ക്കായി ക്ഷണിച്ചത്. കേരള ബാങ്ക് രൂപീകരണത്തിന് പൂർണ്ണ പിന്തുണ നൽകുമെന്ന് എല്ലാ സർവ്വീസ് സംഘടനകളും അറിയിച്ചതായി മന്ത്രി അഭിപ്രായപ്പെട്ടു.
കേരള ബാങ്ക് രൂപീകരിക്കുമ്പോൾ ജീവനക്കാരുടെ ഏകീകരണം, സേവനവേതന വ്യവസ്ഥകളുടെ ഏകീകരണം തുടങ്ങി നിരവധി കാര്യങ്ങളിൽ സംഘടനകൾക്കുള്ള അഭിപ്രായം 15 ദിവസത്തിനകം സർക്കാരിന് സമർപ്പിക്കാനും തീരുമാനമായി. സംസ്ഥാന സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ, എംപ്ലോയീസ് ഓർഗനൈസേഷൻ, ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ, എപ്ലോയീസ് ഫ്രണ്ട്, എംപ്ലോയീസ് യൂണിയൻ എന്നീ സംഘടനകളുടെ നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്.