thomas-isaac

കഴിഞ്ഞ ദിവസം പുറത്ത് വന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം ശബരിമല പ്രക്ഷോഭത്തിന്മേലുള്ള ജനവിധിയാണെന്ന് ധനമന്ത്രി തോമസ് ഐസക്. പത്ത് ജില്ലകളിൽ തിരഞ്ഞെടുപ്പ് നടന്ന ഇരുപത് വാർഡുകളിൽ പതിമൂന്നെണ്ണത്തിലും ഇടത്പക്ഷമാണ് വിജയിച്ചത്. ഇതിൽ നാലെണ്ണം യു.ഡി.എഫിൽ നിന്നും പിടിച്ചെടുത്ത സീറ്റുകളാണെന്നും തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. ക്ഷേത്രവും വിശ്വാസവും സംബന്ധിച്ച് ബി.ജെ.പി തീവ്രമായും കോൺഗ്രസ് അവരുടെ ശേഷിയ്‌ക്കൊത്തും നുണപ്രചാരങ്ങൾ ഉയർത്തിവിട്ടെങ്കിലും അതൊന്നും കേരള ജനത കണക്കിലെടുത്തില്ല എന്നതിന് തെളിവാണ് ഉപതിരഞ്ഞെടുപ്പ് ഫലം. അതേസമയം മൃദു ഹിന്ദുത്വം കളിച്ച് ദയനീയമായ ഒരവസ്ഥയിലാണ് കേരളത്തിലെ കോൺഗ്രസെന്നും കേരളത്തിൽ ബി.ജെ.പിയുടെ ബി ടീമായി മാറുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളം പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വിജയത്തെ ഈ രീതിയിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ മന്ത്രി വിലയിരുത്തുകയും ചെയ്യുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

രമേശ് ചെന്നിത്തലയുടെയും മുല്ലപ്പള്ളി രാമചന്ദ്രന്റെയും നേതൃത്വം കേരളത്തിലെ കോൺഗ്രസിന്റെ ജനകീയാടിത്തറ എത്രമാത്രം ദ്രവിപ്പിക്കുന്നു എന്നതിന്റെ സൂചനയാണ് തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളം പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പു ഫലം. അവിടെ കോൺഗ്രസ് വോട്ടുബാങ്കിന്റെ സിംഹഭാഗവും കവർന്നാണ് ബിജെപി വിജയിച്ചത്. കഴിഞ്ഞ പഞ്ചായത്തു തിരഞ്ഞെടുപ്പിൽ 512 വോട്ടു നേടി മഹാഭൂരിപക്ഷത്തിന് വിജയിച്ച വാർഡിൽ ഉപതെരഞ്ഞെടുപ്പു നടന്നപ്പോൾ കോൺഗ്രസ് മൂന്നാം സ്ഥാനത്തേയ്ക്കു പിന്തള്ളപ്പെട്ടു. വെറും 153 വോട്ടു നേടി മൂന്നാംസ്ഥാനത്തായ എൽഡിഎഫ് 387 വോട്ടു നേടി രണ്ടാംസ്ഥാനത്തായി.

കേവലം ഒരു പഞ്ചായത്തു വാർഡിലെ തിരഞ്ഞെടുപ്പു ഫലം വെച്ച് രാഷ്ട്രീയ നീരീക്ഷണം നടത്തുന്നത് യുക്തിയാണോ എന്ന സംശയം ഉണ്ടാകാം. എന്നാൽ, ഇന്നത്തെ സാമൂഹ്യസാഹചര്യത്തിൽ ഈ സൂചനയ്ക്ക്
സവിശേഷമായ അർത്ഥവ്യാപ്തിയുണ്ട്.

ഇപ്പോൾ നടക്കുന്ന ശബരിമല പ്രക്ഷോഭത്തിന്മേലുള്ള ജനവിധി തന്നെയാണ് ഈ ഉപതെരഞ്ഞെടുപ്പുഫലം. അക്കാര്യത്തിൽ ഒരു സംശയവും വേണ്ട. തിരഞ്ഞെടുപ്പു നടന്ന 20 വാർഡിൽ 13ഉം എൽഡിഎഫിനാണ്. അതിൽ നാലെണ്ണം യുഡിഎഫിൽ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. ക്ഷേത്രവും വിശ്വാസവും സംബന്ധിച്ച് ബിജെപി തീവ്രമായും കോൺഗ്രസ് അവരുടെ ശേഷിയ്ക്കൊത്തും ഉയർത്തിവിടുന്ന നുണപ്രചരണവും കോലാഹലവും കേരളം ഒരുനിലയ്ക്കും കണക്കിലെടുത്തിട്ടില്ല എന്നു തെളിയിക്കുന്ന തിരഞ്ഞെടുപ്പു ഫലമാണിത്.

ദയനീയമായ ഒരവസ്ഥയിലാണ് കേരളത്തിലെ കോൺഗ്രസ് എന്ന് ഈ തിരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നു. ബിജെപിയുടെ ദുർബലമായ ഒരു ബി ടീം മാത്രമാണ് അതിപ്പോൾ. ശബരിമലയെച്ചൊല്ലി കൊടിയേന്തി കലാപത്തിനൊരുങ്ങുന്ന ബിജെപിയ്ക്കു മുന്നിൽ മൃദു ഹിന്ദുത്വം കളിച്ചു പിടിച്ചു നിൽക്കാൻ കോൺഗ്രസിനു കഴിയില്ല. അതു ദേശീയതലത്തിലും തെളിഞ്ഞതാണ്.

എല്ലാക്കാലത്തും നവോത്ഥാനപക്ഷത്തു നിന്ന സിപിഐഎം നയത്തിന് കേരള ജനത നൽകിവരുന്ന അംഗീകാരത്തിന്റെ തുടർച്ചയായി ഉപതെരഞ്ഞെടുപ്പു ഫലം വിലയിരുത്താം. നവോത്ഥാനമൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ട ചരിത്രഘട്ടങ്ങളിൽ ഒരിടത്തുപോലും സിപിഐഎമ്മിനും കാലിടറിയിട്ടില്ല. കേവലമൊരു തിരഞ്ഞെടുപ്പു വിജയമോ വോട്ടു ബാങ്കോ നോക്കിയല്ല തീരുമാനം. നവോത്ഥാനപക്ഷത്തു നിന്നെടുത്ത തീരുമാനങ്ങൾക്ക്, ആ പക്ഷത്ത് അടിയുറച്ചു നിന്ന ജനതയുടെ സ്വാഭാവിക പിന്തുണ ലഭിക്കുകയായിരുന്നു.

ഓർമ്മയില്ലേ, ശരിയത്ത് വിവാദം? അതും ഇതുപോലൊരു സുപ്രിംകോടതി വിധിയെ തുടർന്നാണ് കത്തിപ്പടർന്നത്. ഷാബാനു കേസും ശബരിമല കേസുമായി കൌതുകകരമായ സാമ്യങ്ങളുണ്ട്. ശബരിമല കേസ് വിധി പറഞ്ഞ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ചന്ദ്രചൂഡിന്റെ പിതാവായിരുന്നു അന്നത്തെ ചീഫ് ജസ്റ്റീസ് വൈ.വി. ചന്ദ്രചൂഢ്. ആൺകോയ്മ തന്നെയാണ് രണ്ടു വിധികളിലും പ്രതിസ്ഥാനത്തു നിന്നത്.

വിവാഹമോചനം ചെയ്യപ്പെടുന്ന സ്ത്രീകള്ക്ക് മുൻ ഭര്ത്താവിൽ നിന്ന് ജീവനാംശത്തിനുള്ള അവകാശമുണ്ടെന്നായിരുന്നു സുപ്രിംകോടതിയുടെ വിധി. വിവാഹമോചിതർക്ക് മുൻ ഭര്ത്താവ് സംരക്ഷണ ചെലവ് നൽകണം എന്ന് അനുശാസിക്കുന്ന 1973ലെ ക്രിമിനല്‍ നടപടി നിയമം വകുപ്പ് 125 ന്റെ പരിധിയില്‍ മുസ്ലിം സ്ത്രീകൾ ഉൾപ്പെടുന്നില്ലെന്നും മുസ്ലിം സ്ത്രീകള്ക്ക് ഇങ്ങനെ ഒരവകാശം ഇല്ലെന്നുമായിരുന്നു എതിർഭാഗത്തിന്റെ വാദം. ആ വാദം കോടതി തള്ളി.

പ്രസ്തുത വിധിയെ കാലോചിതവും ഉചിതവുമെന്ന് വിലയിരുത്തിയ സിപിഐഎമ്മിനെതിരെ മുസ്ലിം മതമൌലികവാദികൾ തെരുവിൽ ഉറഞ്ഞു തുള്ളി. ഒന്നില്‍ കൂടുതൽ സ്ത്രീകളെ വിവാഹം ചെയ്യുകയും ഇഷ്ടംപോലെ ഒഴിവാക്കുകയും ചെയ്യുന്നവര്ക്ക് ഈ വിധിയൊരു നല്ല ചൂണ്ടുപലകയാണെന്ന് ചൂണ്ടിക്കാണിച്ച സഖാവ് ഇഎംഎസിനെ മ്ലേച്ഛമായ ഭാഷയിലാണ് മുസ്ലിംലീഗുകാർ അധിക്ഷേപിച്ചത്. "രണ്ടുംകെട്ടും നാലും കെട്ടും ഇ എം എസ്സിന്റെ ഓളേം കെട്ടും"എന്നായിരുന്നു ലീഗുകാരുടെ വെല്ലുവിളി.

പക്ഷേ, നിലപാടിൽ നിന്ന് സിപിഎം അണുവിട മാറിയില്ല. വിവാഹമോചിതയായ സ്ത്രീയുടെ അവകാശത്തിനൊപ്പം പാർടി നിന്നു. ആക്രോശങ്ങളെയും വെല്ലുവിളികളെയും അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞു. ഈ നിലപാടിൽ അടിയുറച്ചു നിന്നുകൊണ്ടാണ് മുസ്ലിം സമുദായത്തിൽ പാർടി ശക്തി വർദ്ധിച്ചു വരുന്നത്.

പുരുഷമേധാവിത്തത്തിനൊപ്പമായിരുന്നു അന്ന് മുസ്ലിംലീഗ്. അവർക്കു പിന്തുണയുമായി കോൺഗ്രസും. കാലത്തിന്റെ ചുവരെഴുത്തു വായിക്കാൻ അന്നവർക്കു കഴിഞ്ഞില്ല. അധികാരവും മേൽക്കോയ്മയും ഉപയോഗിച്ചു സ്ത്രീകളുടെ അവകാശം കവരുന്നത് പിന്തിരിപ്പൻ നിലപാടാണെന്ന ചിന്ത ലീഗിന്റെയും കോൺഗ്രസിന്റെയും തലയിൽ കയറിയില്ല. പകരം മുസ്ലിം സമുദായത്തിലെ ആൺകോയ്മയെ സിപിഐഎമ്മിനെതിരെ പടയിളക്കി വിടുകയാണവർ ചെയ്തത്. പക്ഷേ, ഒന്നും സംഭവിച്ചില്ല.

അതുപോലെ ക്രിമിലെയർ വിവാദം. പിന്നാക്ക സംവരണത്തിൽ പാവപ്പെട്ടവർക്ക് മുൻഗണന നൽകണമെന്നായിരുന്നു പാർടി നിലപാട്. ആ നിലപാടിനെ ദുർവ്യാഖ്യാനം ചെയ്ത് സിപിഐഎം പിന്നാക്ക സംവരണത്തിനെതിരാണ് എന്നു പ്രചരിപ്പിക്കാനാണ് ഇടതുമുന്നണിയിലെ സഖ്യകക്ഷികളടക്കം ശ്രമിച്ചത്. ജാതിവികാരം ഇളക്കിവിട്ട് സിപിഐഎമ്മിന്റെ ബഹുജനാടിത്തറ തകർത്തുകളയാൻ പാർടി നിലപാടിനെ ആയുധമാക്കാമെന്നാണ് പലരും കരുതി. എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ 1995 ആഗസ്റ്റ് 31ന് നടന്ന സംവരണബില്ലിന്റെ ചർച്ച വായിച്ചു നോക്കിയാൽ എന്തുമാത്രം എതിർപ്പാണ് സിപിഐഎം അന്ന് നിയമസഭയിൽ നേരിട്ടത് എന്നു മനസിലാകും. സിപിഎം ഒരുവശത്തും എൽഡിഎഫിലെ മറ്റു ഘടകകക്ഷികളും യുഡിഎഫും മറുവശത്തു നിന്നുമാണ് ഏറ്റുമുട്ടിയത്.

പക്ഷേ, നിലപാടിൽ നിന്ന് ഒരിഞ്ചു പിന്നോട്ടുപോകാൻ ഒരിക്കലും സിപിഐഎം തയ്യാറായിട്ടില്ല. കേരളത്തിലെ ഏതാണ്ടെല്ലാ മുഖ്യധാരാ രാഷ്ട്രീയപാർടികളും ഒറ്റപ്പെടുത്തി ആക്രമിച്ചിട്ടും പാർടിയുടെ ബഹുജന പിന്തുണയ്ക്ക് ഒരു പോറലുപോലും ഏറ്റില്ല. അന്നും ഇന്നും സിപിഐഎമ്മിന് സംവരണത്തെ സംബന്ധിച്ച് ഒരേ നിലപാടു തന്നെയാണ്. എൽഡിഎഫിലെ ഘടകകക്ഷികളടക്കം രൂക്ഷമായി ആക്രമിച്ചിട്ടും ശരിയെന്നുറപ്പുള്ള നിലപാടിൽ അടിയുറച്ചു നിൽക്കുകയാണ് പാർടി ചെയ്തത്.

ഏറ്റവുമൊടുവിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടിഗ്ഘോഷിക്കപ്പെട്ട നമ്പൂതിരി മുതൽ നായാടി വരെയുള്ളവരുടെ ഐക്യവും സിപിഐഎമ്മിനെ ക്ഷീണിപ്പിക്കുമെന്നാണ് പലരും സ്വപ്നം കണ്ടത്. അരുവിപ്പുറം ഉപതിരഞ്ഞെടുപ്പു മുതൽ യുഡിഎഫ് ആ മനപ്പായസമുണ്ടു നടക്കുകയായിരുന്നു. എന്നിട്ടും ഒന്നും സംഭവിച്ചില്ല. സംഭവിച്ചത് മറിച്ചായിരുന്നു. കേരളത്തിൽ പലേടത്തും ബിജെപിയിലേയ്ക്ക് ഒഴുകിയത് കോൺഗ്രസിന്റെ വോട്ടാണ്. അതിപ്പോഴും തുടരുകയാണെന്ന് നാവായിക്കുളത്തെ ഉപതിരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നു.

അതുകൊണ്ട് ശബരിമലയിലെ കോടതി വിധിയുടെ മറവിൽ സിപിഐഎമ്മിനെയും എൽഡിഎഫിനെയും പേടിപ്പിക്കാനൊന്നും ബിജെപിയും സംഘപരിവാറും ശ്രമിക്കേണ്ട. ആ ഭീഷണിയുടെ പേരിൽ ഒരിഞ്ചു പിറകോട്ടു പോകുമെന്ന ധാരണയും വേണ്ട. എല്ലാക്കാലത്തും നവോത്ഥാന മുന്നേറ്റത്തെ ശക്തിപ്പെടുത്തുന്ന രാഷ്ട്രീയ നിലപാടു തന്നെയാണ് സിപിഐഎം കൈക്കൊണ്ടിട്ടുള്ളത്.

ഷാബാനു കേസിൽ സ്വീകരിച്ച അതേ സ്ത്രീപക്ഷ നിലപാടു തന്നെയാണ് ശബരിമലയിലെ സ്ത്രീവിലക്കിന്റെ കാര്യത്തിലും പാർടിയ്ക്കുള്ളത്. ഒരു ശാരീരികപ്രവർത്തനത്തിന്റെ പേരിൽ സ്ത്രീയ്ക്ക് അയിത്തം കൽപ്പിച്ച് നടപ്പാക്കുന്ന വിവേചനത്തെ പാർടി പിന്തുണയ്ക്കുന്നില്ല. അക്കാര്യത്തിൽ സുപ്രിംകോടതി വിധിയ്ക്ക് പിന്തുണ നൽകാൻ എല്ലാ ജനാധിപത്യാവകാശവും സിപിഐഎമ്മിനുണ്ട്.

ഇതുപോലൊരു വിഷയത്തിൽ ഈ പാർടി സ്വീകരിക്കുന്നത് ഈ നിലപാടു തന്നെയായിരിക്കും എന്നറിയാവുന്നവരാണ് കേരള ജനത.എന്നാൽ അതേസമയം, വിശ്വാസികളെക്കൂടി പരിഗണിച്ചുവേണം ശബരിമലയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് എന്ന നിലപാടാണ് ദേവസ്വം ബോർഡ് സുപ്രിംകോടതിയ്ക്കു മുന്നിൽ ഔദ്യോഗികമായി സ്വീകരിച്ചത്. വിശ്വാസികളെ പാടേ തള്ളിക്കളയുന്ന നിലപാടല്ല അത്.

ഇക്കാര്യത്തിൽ പാർടി പുലർത്തിയ ജനാധിപത്യസമീപനം പൊതുസമൂഹം അംഗീകരിച്ചതിന്റെ തെളിവു തന്നെയാണ് ഉപതിരഞ്ഞെടുപ്പു ഫലങ്ങൾ. സിപിഐഎമ്മിനെ ഹിന്ദുവിരോധിയാക്കാനുള്ള ബിജെപിയുടെ ശ്രമമൊന്നും ആ ജനതയുടെ മുന്നിൽ വിലപ്പോവുകയില്ല.