novel

നേതാവ് ഫോൺ കാതിൽ അമർത്തി.
''പറയൂ സാർ...'
''അയാളെന്തിയേ... ആ വാച്ചർ?'
''ഇവിടെയുണ്ടു സാർ...'
''പ്രശ്നമൊന്നുമില്ലല്ലോ?'

''ഇല്ല സാർ... ഞങ്ങളിരിക്കുന്നിടത്ത് പ്രശ്നമുണ്ടാക്കാൻ ആരെങ്കിലും വരുമോ?' നേതാവ് ചിരിച്ചു.
''അതുകൊണ്ടല്ലേ ഇവിടുത്തെ സ്ഥിരം ടീമിനെ ഉപയോഗിക്കാതെ ഞാൻ നിങ്ങളെത്തന്നെ വരുത്തിയത്?'
അപ്പുറത്തു നിന്നും കേട്ടു ചിരി.

''പിന്നെ പറഞ്ഞ പണം നിങ്ങൾ തന്നിരുന്ന അക്കൗണ്ട് നമ്പരുകളിലേക്കു കൈമാറിയിട്ടുണ്ട്.'
''താങ്ക്യൂ സാർ... ഇനി ഞങ്ങൾ എന്തു ചെയ്യണം?'
''സന്ധ്യ വരെ നോക്കുക. പിന്നെ....' പതിഞ്ഞ ശബ്ദത്തിൽ അപ്പുറത്തു നിന്നുവന്ന വാക്കുകൾ നേതാവിന്റെ കാതുകളിലേക്കു വീണുകൊണ്ടിരുന്നു..'
മറ്റുള്ളവർ അയാളെത്തന്നെ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ആ മുഖത്ത് ഓരോ ഭാവവും മാറി മാറി വരുന്നത് അവർ കണ്ടു.
അവസാനം ''ശരി സാർ' എന്നു പറഞ്ഞിട്ട് അയാൾ കാൾ മുറിച്ചു.
ശേഷം തന്റെ ടീമിനെ നോക്കി.

''സാറ് ഉദ്ദേശിക്കുന്നതുപോലെ കാര്യം നടന്നാലും ഇല്ലെങ്കിലും വരുന്ന ഒറ്റ രാത്രികൊണ്ട് നമ്മുടെ ജോലി തീരും. അതുകഴിഞ്ഞ് മടക്കം. കൂടുതൽ സമയം ഇവിടെ നിന്നാൽ കുഴപ്പമാണെന്നാ സാറ് പറഞ്ഞത്. ഇവിടുത്തെ എസ്.പി അരുണാചലം വേട്ടപ്പട്ടിയെപ്പോലെ ദാ... ആ കെഴവനെ തേടിക്കൊണ്ടിരിക്കുകയാണ്.'
അയാൾ, പരമേശ്വരന്റെ നേർക്കു കൈ ചൂണ്ടി.

''അപ്പോൾ നമുക്ക് ഇനി കഴിക്കാനും കുടിക്കാനും ഉള്ളത്?' ഒരാൾക്ക് അതിലാണു സങ്കടം. ''ദേ, ഇതൊക്കെ ഇപ്പം തീരും.'
''അത് സാരമില്ല. ഒരാൾ മാത്രം ഇവിടെ നിന്ന് നമ്മുടെ ഓട്ടോ കിടക്കുന്നിടത്തേക്കു പോകുക. ബുക്കും പേപ്പറും ക്ലിയറായതിനാൽ പേടിക്കാനില്ല. മാത്രമല്ല നമ്മുടെ ഓട്ടോയുടെ നമ്പരും ഇതുവരെ ആരും അറിഞ്ഞിട്ടില്ല.'

അക്കാര്യത്തിലും തീരുമാനമായി.
''ഇനി നമ്മൾ ഏറ്റെടുക്കാൻ പോകുന്ന മുണ്ടക്കയത്തെ കേസ് ഇത്തിരി റിസ്‌ക്കാണ്.' നേതാവ് പെട്ടെന്നോർത്തതു പോലെ പറഞ്ഞു. ''ലയത്തിൽ കയറി വേണം ആ പെണ്ണിനെ പൊക്കാൻ..'

മറ്റുള്ളവർ പരസ്പരം ഒന്നു നോക്കി.
''ഏതായാലും അഡ്വാൻസ് മേടിച്ചു പോയില്ലേ..'
നേതാവ് മിണ്ടിയില്ല...

എസ്.ഐ വിജയയുടെ വീട്.

ജനങ്ങൾ വന്നും പോയും ഇരിക്കുന്നു. കൂടുതലും സത്യന്റെ കൂടെ കോളേജിൽ പഠിക്കുന്ന കുട്ടികൾ... പെൺകുട്ടികളുടെയൊന്നും കണ്ണീർ തോർന്നിട്ടില്ല.
കാരണം ഏവർക്കും പ്രിയപ്പെട്ടവൻ ആയിരുന്നു സത്യൻ.
രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരോടും ഒരേ ചങ്ങാത്തം.
മറ്റ് അഫക്ഷനുകൾ ഒന്നുമില്ലതാനും.

അകത്തെ മുറിയിൽ മൃതപ്രായയായി കിടക്കുന്ന മാലിനിക്ക് അരുകിലാണ് വിജയ.
സബോഡിനേറ്റ്സായ മറ്റ് പിങ്ക് പോലീസ് അംഗങ്ങളും അവൾക്കരുകിലുണ്ട്.
ആരും ഒന്നും പറയുന്നില്ല.

ഇടയ്ക്കിടെ ഉയരുന്ന ദീർഘനിശ്വാസം മാത്രമാണ് മാലിനിക്ക് പ്രാണൻ ഉണ്ടെന്നു വ്യക്തമാക്കുന്നത്.
ഹാളിൽ ഉണ്ടായിരുന്നു വാസുദേവൻ. അയാൾക്കരുകിൽ സ്ഥലത്തെ പ്രമുഖരായ പലരുമുണ്ട്.

ഉള്ളിൽ കരച്ചിലിന്റെ കടൽ ഇരമ്പുകയാണെങ്കിലും അതൊക്കെ അടക്കിപ്പിടിച്ച് മറ്റുള്ളവരോട് വളരെ സൗമ്യതയോടെ സംസാരിക്കുന്നുണ്ട് വാസുദേവൻ.
സ്വന്തം പത്രത്തിൽ മകന്റെ കൊലപാതക വാർത്ത അച്ചടിക്കേണ്ടിവന്ന ഒരച്ഛന്റെ ഗതികേട്!
സത്യന്റെ മൃതദേഹം കോഴഞ്ചേരിയിലെ 'പൊയ്യാനിൽ' ഹോസ്പിറ്റലിൽ മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

രാവിലെ 8 മണിക്ക് അവിടെ നിന്നെടുക്കും.
പതിനൊന്നു മണിവരെ കോളേജിൽ അന്തിമോപചാരം അർപ്പിക്കാൻ സഹപാഠികൾക്ക് അവസരം. അങ്ങനെയാണ് തീരുമാനിച്ചിരിക്കുന്നത്. ഇപ്പോഴും കൊലയാളികളുടെ ശരിക്കുള്ള ലക്ഷ്യം ആർക്കും അറിയില്ല...

വാസുദേവനും ചിന്തിച്ചുകൊണ്ടിരുന്നത് അതേക്കുറിച്ചാണ്.
ആര്? എന്തിന്?

വിദ്യാർത്ഥികളല്ല ഇതിനു പിന്നിലെന്നും അയാൾക്ക് ഉറപ്പുണ്ട്.
പെട്ടെന്ന് മുറ്റത്ത് ഒരു കാർ വന്നു നിന്നു. ഹാളിലിരുന്ന ചിലരൊക്കെ അവിടേക്കു നോക്കി.
''രാജസേനൻ സാറ്...' ആരോ മന്ത്രിക്കുന്നതുകേട്ട് വാസുദേവൻ തലയുയർത്തി.

അപ്പോഴേക്കും മുൻമന്ത്രി വാതിൽ കടന്നുവന്നു.
വാസുദേവനൊഴികെ എല്ലാവരും എഴുന്നേറ്റു. എല്ലാവരെയും ഒന്നു നോക്കിയിട്ട് രാജസേനൻ, വാസുദേവന്റെ അരുകിലിരുന്നു. അയാളുടെ കൈകൾ ചേർത്തു പിടിച്ചു:
''വാസുവേട്ടാ... സത്യനെക്കുറിച്ചോർത്തിട്ട് ഇന്നലെ ഞാൻ ഉറങ്ങിയില്ല. ചേട്ടനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നും അറിയില്ല.... എന്നാലും അവന്റെ കൂട്ടുകാർ തന്നെ...'
ആ വാചകത്തിൽ വാസുദേവന് സംശയം മണത്തു... (തുടരും)