തിരുവനന്തപുരം: ഭൂവുടമകളുമായി ഒത്തുചേർന്ന് സർക്കാർ ഏറ്രെടുത്ത ഭൂമിക്ക് അധികവില വാങ്ങിക്കൊടുത്തെന്ന ആരോപണം നേരിടുന്ന തഹസിൽദാർ ഉൾപ്പെടെ 11 ഉദ്യോഗസ്ഥർക്ക് റവന്യൂ വകുപ്പിന്റെ ശിക്ഷ ശകാരം മാത്രം! സർക്കാരിന് എട്ട് കോടി രൂപയിലധികം നഷ്ടമുണ്ടാക്കിയ ഇവർക്കെതിരെ കർശന നടപടിയെടുക്കണമെന്നാണ് അഡിഷണൽ അഡ്വക്കറ്ര് ജനറൽ ആവശ്യപ്പെട്ടത്. എന്നാൽ റവന്യൂ വകുപ്പാകട്ടെ അഞ്ചുപേർക്ക് താക്കീത് മാത്രം നൽകി. നാലുപേരെ ഒഴിവാക്കി. രണ്ടുപേർക്ക് രണ്ട് ഇൻക്രിമെന്റ് മാത്രം നിഷേധിച്ചു. എ.എ.ജി ആവശ്യപ്പെട്ട പ്രകാരമുള്ള വിജിലൻസ് അന്വേഷണം വേണ്ടെന്നും വച്ചു.
കാലടി- മരുതൂർക്കടവ്, കരമന -തളിയൽ റോഡുകൾ വീതികൂട്ടുന്നതിനായി 2006ൽ ഏറ്രെടുത്ത ഭൂമിക്ക് നൽകിയ വിലയെ സംബന്ധിച്ചായിരുന്നു തർക്കം. ഒരു ആറിന് (2.47 സെന്റ്) 1,35,733 രൂപ എ കാറ്രഗറിക്കും 1,62,800 രൂപ ബി കാറ്രഗറിക്കും നഷ്ടപരിഹാരം നൽകാനായിരുന്നു സർക്കാർ ആദ്യം തീരുമാനിച്ചത്. അഡിഷണൽ സബ് കോടതിയെ ചില ഉടമകൾ സമീപിച്ചപ്പോൾ 10 ലക്ഷം രൂപയും 12 ലക്ഷം രൂപയും വീതം വില കിട്ടി. ഇതിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് സബ് കോടതി വീണ്ടും പരിഗണിച്ചപ്പോൾ റവന്യൂ ഉദ്യോഗസ്ഥർ ആവശ്യമായ രേഖകൾ ഹാജരാക്കിയില്ല. അതോടെ സ്ഥലമുടമകൾക്ക് കിട്ടിയതാകട്ടെ ഒരു ആറിന് 12,53,133 രൂപ. അവർ പ്രതീക്ഷിച്ചതിലും അധികം.
കോടതിയിൽ ഹാജരാക്കിയ രേഖകൾ പരിഗണിക്കാതെ കമ്മിഷൻ റിപ്പോർട്ടിന്റെ മാത്രം അടിസ്ഥാനത്തിലാണ് സബ് കോടതി വിധി പറഞ്ഞതെന്നായിരുന്നു ഹൈക്കോടതിയിൽ സർക്കാരിന്റെ വാദം. ഇത് അംഗീകരിച്ച ഡിവിഷൻ ബെഞ്ച് കേസ് വീണ്ടും അഡിഷണൽ സബ് കോടതിക്ക് വിടുകയായിരുന്നു. എന്നാൽ കീഴ് കോടതിയിൽ കേസിലെ കക്ഷികൾ ഹാജരാക്കിയ രേഖകളിലെ പൊള്ളത്തരം തുറന്നുകാണിക്കാൻ റവന്യൂ ഉദ്യോഗസ്ഥർ ശ്രമിച്ചില്ലെന്നായിരുന്നു അഡിഷണൽ അഡ്വക്കേറ്റ് ജനറലിന്റെ കുറ്റപ്പെടുത്തൽ . അക്വിസിഷൻ ഉദ്യോഗസ്ഥൻ ആശ്രയിച്ച അടിസ്ഥാനരേഖ പോലും കോടതിയിൽ ഹാജരാക്കിയില്ല.
77.02 ആർ സ്ഥലമാണ് ആകെ ഏറ്രെടുത്തത്. നഷ്ടപരിഹാരത്തുക വിതരണം ചെയ്യുന്നത് നീണ്ടുപോയതോടെ ഒൻപത് ശതമാനം പലിശകൂടി ചേർത്ത് 9.65 കോടി സർക്കാരിന് നൽകേണ്ടിവന്നു. 1.11 കോടി നൽകേണ്ടസ്ഥാനത്താണിത്. ഇതിലൂടെ സർക്കാരിന് നഷ്ടമുണ്ടായത് എട്ടുകോടിയിലേറെ. അഡിഷണൽ സബ് കോടതി വിധിക്കെതിരെ സർക്കാരിന് അപ്പീൽ നൽകണമെങ്കിൽ ഖജനാവിന് നഷ്ടം വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ ആദ്യം നടപടിയെടുക്കണം. ഇതിനായാണ് സർവീസ് നടപടിക്രമ പ്രകാരമുള്ള അച്ചടക്ക നടപടിക്കും വിജിലൻസ് അന്വേഷണത്തിനും എ.എ.ജി ശുപാർശ ചെയ്തത്.