തിരുവനന്തപുരം: കാഴ്ചകൾ ആസ്വദിച്ച് കഴക്കൂട്ടത്തിന് മീതെ പറക്കാൻ നെടുനീളൻ ആകാശപ്പാതയുടെ നിർമ്മാണം ഒരുമാസത്തിനകം തുടങ്ങും.കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നിൽ നിന്ന് തുടങ്ങുന്ന പാത ടെക്നോപാർക്കിന് മുന്നിലാണ് അവസാനിക്കുക. ഭൂമി ഏറ്റെടുക്കലുൾപ്പെടെ 356 കോടി രൂപയാണ് ആകാശപ്പാതയ്ക്ക് ചെലവിടുന്നത്. 195 കോടിയുടെ നിർമ്മാണ പദ്ധതികൾക്ക് ദേശീയപാത അതോറിട്ടി ഒഫ് ഇന്ത്യയും രാമേശ്വർ ദയാൽ ആന്റ് സൺ ചെറിയാൻ വർക്കി ആന്റ് കമ്പനിയും( RDS_CVC)തമ്മിൽ ധാരണയായി. ഒരുമാസത്തിനകം നിർമ്മാണം ആരംഭിക്കും.സൈബർ സിറ്റിയായ കഴക്കൂട്ടത്തെ ഗതാഗതകുരുക്കിന് ഇതോടെ സ്ഥിരപരിഹാരമാകും. ഫ്ളൈ ഓവറിന് ഇരുവശത്തും സമാന്തര റോഡും പണിയുന്നതോടെ വാഹനങ്ങൾക്ക് ട്രാഫിക് സിഗ്നലിന്റെ ശല്യമില്ലാതെ കടന്നുപോകാം.
ടെക്നോപാർക്കിന് സമീപത്തെ പാർക്കിംഗ് പ്രശ്നങ്ങൾക്കും പരിഹാരം കണ്ടുള്ള അന്തിമ രൂപരേഖയ്ക്ക് കേന്ദ്രഗതാഗത മന്ത്രാലയം അനുമതി നൽകിയതോടെയാണ് ദേശീയ പാത അതോറിട്ടി ആകാശപ്പാതയ്ക്ക് പച്ചകൊടികാട്ടിയത്. നിർദ്ദിഷ്ട കഴക്കൂട്ടം - കാരോട് ബൈപ്പാസിന്റെ ഭാഗമല്ലെങ്കിലും ബൈപ്പാസിലെയും സർവ്വീസ് റോഡുകളിലെയും ഗതാഗതം ഇതോടെ സുഗമമാകും. കഴക്കൂട്ടം - കാരോട് ബൈപ്പാസ് നിർമ്മാണത്തിന്റെ ഉദ്ഘാടന വേളയിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി പ്രത്യേകമായി അനുവദിച്ചതാണ് കഴക്കൂട്ടത്തെ ആകാശപ്പാത. ഇത് യാഥാർത്ഥ്യമാകുന്നതോടെ ജംഗ്ഷനെ കാലങ്ങളായി വീർപ്പ് മുട്ടിച്ചിരുന്ന ഗതാഗത കുരുക്ക് പഴംകഥയാകും.