കൊച്ചി: എറണാകുളത്തെ ഇരുമ്പനത്തും തൃശൂർ കൊരട്ടിയിലും ഇന്നലെ നടന്ന എ.ടി.എം കവർച്ചയ്ക്ക് പിന്നിൽ ഏഴംഗ സംഘമെന്ന് സൂചന. കവർച്ചയ്ക്ക് ശേഷം ധൻബാദ് എക്സ്പ്രസിലാണ് ഇവർ രക്ഷപ്പെട്ടതെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ചാലക്കുടിയിൽ മോഷണ സംഘമെത്തിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കവർച്ചക്കാർ ഉത്തരേന്ത്യൻ സ്വദേശികളാകാമെന്ന നിഗമനത്തിലാണ് പൊലീസ്. ഇവർക്ക് പ്രദേശവാസികളുടെ ആരുടെയെങ്കിലും സഹായം ലഭിച്ചുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
മോഷ്ടാക്കളെ പിടികൂടുന്നതിനായി തമിഴ്നാട്, കർണാടക പൊലീസുകളുടെ സഹായം കൊച്ചി സിറ്റി പൊലീസ് തേടിയതായും സൂചനയുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി വിവിധ ടീമുകൾ ഉടൻ തന്നെ അയൽ സംസ്ഥാനങ്ങളിലേക്ക് തിരിക്കും. എറണാകുളത്തെ ഇരുമ്പനത്തും തൃശൂരിലെ കൊരട്ടിയിലും ഇന്നലെ വെളുപ്പിനാണ് എ.ടി.എമ്മുകൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്ത് കൊള്ളയടിച്ചത്. ഇരുമ്പനം പുതിയ റോഡ് ജംഗ്ഷനിൽ എയർപോർട്ട് സീപോർട്ട് റോഡിലെ എസ്.ബി.ഐയുടെ എ.ടി.എമ്മിൽ നിന്ന് 25 ലക്ഷത്തിലേറെ രൂപയും, കൊരട്ടി ദേശീയ പാതയോരത്തെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എ.ടി.എം തകർത്ത് 10.8 ലക്ഷം രൂപയുമാണ് കവർന്നത്. കോട്ടയത്ത് എം.സി റോഡരികിൽ പത്ത് കിലോമീറ്റർ പരിധിയിൽ മോനിപ്പള്ളി എസ്.ബി.ഐ കൗണ്ടറിലും വെമ്പള്ളിയിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എ.ടി.എമ്മിലും കളമശേരി എച്ച്.എം.ടി റോഡിൽ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന് എതിർവശത്തെ എസ്.ബി.ഐ എ.ടി.എം കൗണ്ടറിലും കവർച്ചാ ശ്രമവുമുണ്ടായി.
എ.ടി.എം കൗണ്ടറിലെ കാമറകൾ സ്പ്രേ പെയിന്റ് അടിച്ച് മറച്ച നിലയിലാണ്. ഒരേ സംഘമാണ് എല്ലായിടത്തും മോഷണം നടത്തിയതെന്നും സി.സി.ടി.വി ദൃശ്യങ്ങൾ വച്ച് ഇവർ ഇതരസംസ്ഥാനക്കാർ ആകാമെന്നുമാണ് പൊലീസ് നിഗമനം. കോട്ടയം മണിപ്പുഴയിൽ നിന്നു മോഷ്ടിച്ച പിക്ക് അപ്പ് വാനിലാണ് സംഘം സഞ്ചരിച്ചതെന്ന് ഇന്നലെ വൈകിട്ട് കണ്ടെത്തി. ചാലക്കുടി ഗവ. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട വാഹനം പരിശോധിച്ചപ്പോഴാണ് ഇക്കാര്യം മനസിലായത്. സംഘത്തിലെ മൂന്നു പേരുടെ ദൃശ്യങ്ങൾ എം.സി റോഡരികിൽ മണിപ്പുഴയിലെ സ്ഥാപനത്തിലെ സി.സിടി.വി കാമറയിൽ നിന്നു ലഭിച്ചിട്ടുണ്ട്.