മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടുമൊരു ചിത്രവുമായി എത്തുകയാണ് ഈസ്റ്റ് കോസ്റ്റ് വിജയൻ. ഈസ്റ്റ് കോസ്റ്റ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വിജയൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രത്തിന് 'ചില ന്യൂജെൻ നാട്ടുവിശേഷങ്ങൾ' എന്നാണ് പേരിട്ടിരിക്കുന്നത്. വിജയൻ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുക. നോവൽ, മുഹബ്ബത്ത് എന്നീ ചിത്രങ്ങളാണ് ഇതിനു മുൻപ് വിജയൻ സംവിധാനം ചെയ്തത്. യുവതാരം അഖിൽ പ്രഭാകർ നായകനാകുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും ഹരീഷ് കണാരനും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ശിവകാമി,സോനു എന്നിവരാണ് നായികമാരായി എത്തുന്നത്. നെടുമുടി വേണു, മിഥുൻ രമേശ്, ദിനേശ് പണിക്കർ , നോബി തുടങ്ങി വൻതാര നിര തന്നെ ചിത്രത്തിലുണ്ട്.ഇന്നത്തെ ന്യൂ ജനറേഷൻ യുവ തലമുറയുടെ നാട്ടുവിശേഷങ്ങൾ ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് പറയുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് എസ്.എൽ പുരം ജയസൂര്യയാണ് . 'സച്ചിൻ' ആണ് ജയസൂര്യയുടെ തിരക്കഥയിൽ ഉടൻ പുറത്തിറങ്ങുന്ന ചിത്രം. സംഗീത സംവിധായകൻ എം. ജയചന്ദ്രൻ നീണ്ട പത്ത് വർഷങ്ങൾക്കു ശേഷം വീണ്ടും ഈസ്റ്റ് കോസ്റ്റുമായി ഒന്നിക്കുന്ന സംരംഭം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അനിൽ നായരാണ് ഛായാഗ്രഹണം നിർവ്വഹിക്കുക. പ്രൊഡക്ഷൻ കൺട്രോളർ : ജിത്ത് പിരപ്പൻകോട്, എഡിറ്റിംഗ് : രഞ്ജൻ എബ്രഹാം, കലാസംവിധാനം : ആർക്കൻ, പി.ആർ.ഒ : എ. എസ് ദിനേശ്. ഡിസംബർ 15 മുതൽ തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിക്കും.