എന്റെ ഭർത്താവിന് വേണ്ടിയാണ് ഈ കത്തെഴുതുന്നത്. ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി നോക്കുന്ന അദ്ദേഹത്തിന് നാല്പത്തിയെട്ട് വയസ്സുണ്ട്. കഴിഞ്ഞ ദിവസം വയറുവേദന അനുഭവപ്പെട്ടതിനാൽ അടുത്തുള്ള ആശുപത്രിയിൽ പോയി ഡോക്ടറെ കാണേണ്ടിവന്നു. ചികിത്സയുടെ ഭാഗമായി വയറിന്റെ സ്‌കാൻ ചെയ്യണമെന്നു പറഞ്ഞു. ഈ സ്‌കാനിൽ മറ്റു പ്രശ്നങ്ങളൊന്നുമില്ലെങ്കിലും ഫാറ്റി ലിവർ ഉണ്ടെന്നാണ് പറഞ്ഞത് . അത്യാവശ്യം മദ്യപാനം ഇഷ്ടപ്പെടുന്ന ആളാണ് എന്റെ ഭർത്താവ്. ഒട്ടു മിക്ക ദിവസങ്ങളിലും കൂട്ടുകാരുമൊത്തു അല്പം കഴിക്കാറുണ്ട്. പക്ഷേ നിയന്ത്രണം വിട്ടു കഴിക്കാറില്ല. മറ്റു അസുഖങ്ങളോ ദുശീലങ്ങളോ അദ്ദേഹത്തിനില്ല. എന്നോടും കുട്ടികളോടും വളരെ സ്‌നേഹത്തോടുകൂടിയും ഉത്തരവാദിത്തത്തോടുകൂടിയുമാണ് പെരുമാറുന്നത്. പക്ഷേ ഫാറ്റി ലിവർ ഉണ്ടെന്നു കേട്ടത് മുതൽ എനിക്ക് വല്ലാത്ത ഒരു വിഷമമായി. പിന്നീട് ഇത് മറ്റേതെങ്കിലും അസുഖമായി മാറുമോ ഡോക്ടർ ? എത്രയും പെട്ടെന്ന് എനിക്ക് ഒരു ഉത്തരം നൽകുമെന്ന് പ്രതീക്ഷിക്കുന്നു
രേഖ,
വൈക്കം.
നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നതും വർദ്ധിച്ചു വരുന്നതുമായ ഒരു ദുഃശീലമാണ് മദ്യപാനം. ദീർഘനാൾ കരളിനെ ബാധിക്കുന്ന അസുഖങ്ങൾ ഉണ്ടാകുന്നതിൽ മദ്യത്തിന്റെ പങ്ക് ചില്ലറയല്ല. മദ്യപാനം തന്നെയാണ് കരൾ പ്രശ്നങ്ങളുടെ ഒരു പ്രധാന കാരണം. മദ്യപാനം മൂലമുള്ള ആൽക്കഹോളിക് ലിവർ ഡിസീസുള്ളവരിൽ മറ്റു കരൾ രോഗങ്ങൾ വരാനുള്ള സാധ്യതയും കൂടുതലാണ്. കൃത്യമായൊരു അളവ് പറയുവാൻ ബുദ്ധിമുട്ടാണെങ്കിലും 30 ഗ്രാം മദ്യം ദിവസേന കഴിച്ചാൽ കരളിന് അസുഖം ഉണ്ടാകുവാനുള്ള സാധ്യത കൂടുന്നു. ആൽക്കഹോളിക് ലിവർ ഡിസീസിൽ തന്നെ ഫാറ്റി ലിവർ മുതൽ സിറോസിസ് വരെ വിവിധ തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാം.
മദ്യം കഴിക്കാത്തവരിലും ഫാറ്റി ലിവർ ഉണ്ടാകാം, ഇതിനെ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് എന്ന് വിശേഷിപ്പിക്കുന്നു. പല അപായ ഹേതുക്കളും ആൽക്കഹോളിക് ലിവർ ഡിസീസിന് കാരണം ആവാം. ഇവ എന്തൊക്കെയാണെന്ന് നോക്കാം
കുടിക്കുന്ന ക്രമം: സ്ഥിരമായി മദ്യപിക്കുന്ന ഒരാൾ മദ്യത്തിന് അടിമയാണെന്നു പറയുന്നതും അയാൾക്ക് ആൽക്കഹോളിക് ലിവർ ഡിസീസ് ഉണ്ടെന്നു പറയുന്നതും ഒന്നല്ല. കാരണം എ.എൽ.ഡി ഉള്ള പലരും മദ്യത്തിന്റെ ആശ്രിതരല്ല, കൂടാതെ സ്ഥിരം മദ്യം ഉപയോഗിക്കുന്നവർക്ക് കരളിൽ പ്രശ്നം ഉണ്ടാവണമെന്നില്ല.
തുടർച്ചയായി മദ്യം കഴിക്കുന്നവരിലാണ് കരളിന് ഹാനി സംഭവിക്കുന്നത്. ഇടയ്ക്കു കഴിക്കുന്നവരിലോ ഇടയ്ക്കു അമിതമായി കുടിക്കുന്നവരിലോ, കരളിന് സുഖം പ്രാപിക്കുവാനുള്ള സമയം ലഭിക്കുന്നതിനാൽ ഈ ഹാനിയും കുറയുന്നു. ഏതു തരത്തിലുള്ള മദ്യമാണ് കഴിക്കുന്നത് എന്നതിൽ പ്രസക്തിയില്ല.
ലിംഗം: സ്ത്രീകളിൽ ഒരേ അളവ് മദ്യം കഴിച്ചതിനു ശേഷം രക്തത്തിൽ മദ്യത്തിന്റെ അളവ് പുരുഷന്മാരേക്കാളും അധികമായി കാണുന്നു.
ജനിതകഘടകങ്ങൾ : മദ്യത്തിന്റെ പരിണാമ പ്രക്രിയയിൽ ഉൾപ്പെട്ടിരിക്കുന്ന ജനിതക ഘടകങ്ങൾ മദ്യം കഴിക്കുന്ന പെരുമാറ്റരീതിയെ ബാധിക്കാം. അടിപൊനൂട്രിൻ ജീനിന് കരൾ രോഗങ്ങളിൽ പങ്കുണ്ടെന്നാണ് പറയപ്പെടുന്നത്.
പോഷണം: പൊണ്ണത്തടിയുള്ളവരിൽ നന്നായി മദ്യം കഴിക്കുകയാണെങ്കിൽ, കരൾരോഗ സംബന്ധമായ മരണം കൂട്ടുന്നതലാണെന്ന് കണ്ടു പിടിച്ചിട്ടുണ്ട് . കൂടാതെ പലതരം പാനീയങ്ങളിൽ പഞ്ചസാരയും ഉള്ളതിനാൽ അമിതവണ്ണം ഉണ്ടാകുവാനുള്ള സാധ്യതയും കൂടുന്നു.
എങ്ങനെയാണ് മദ്യത്തെ ശരീരം കൈകാര്യം ചെയ്യുന്നത്?
ഇരുപത് മിനിറ്റിനുള്ളിൽ, മദ്യം ശരീരത്തിൽ ഉയർന്ന അവസ്ഥയിൽ എത്തുന്നു . പിന്നീടുള്ള പ്രക്രിയകളൊക്കെ നടക്കുന്നത് കരളിലാണ്. ഈ പ്രക്രിയകളിൽ ഉത്പാദിപ്പിക്കുന്ന അസെറ്റാൽഡിഹൈഡ് എന്ന പദാർത്ഥവും മറ്റു ഓക്സിജൻ ഫ്രീ റാഡിക്കൽസും കൂടി കരളിന്റെ കോശങ്ങളിൽ പല തരത്തിലുള്ള മാറ്റങ്ങൾ വരുത്തുകയും അവയെ നശിപ്പിക്കുകയും ചെയ്യുന്നു. പാരസെറ്റമോൾ പോലെയുള്ള മരുന്നുകൾക്കും ഇതുപോലെയുള്ള പ്രക്രിയകൾ കരളിൽ സംഭവിക്കുന്നു. അതിനാൽ ദീർഘകാലം മദ്യം കഴിക്കുന്നവർക്ക് ഈ മരുന്നുകളുടെ ഉപയോഗം ഹാനികരമാകുന്നു.
ലക്ഷണങ്ങൾ: ഫാറ്റി ലിവറിൽ സാധാരണ മറ്റു ലക്ഷണങ്ങളൊന്നും ഉണ്ടാകാറില്ല. മറ്റേതെങ്കിലും ആവശ്യങ്ങൾക്ക് രക്തം പരിശോധിക്കുകയും വയറിന്റെ സോണോഗ്രാം സ്‌കാൻ എടുക്കുമ്പോഴുമാണ് ഫാറ്റി ലിവർ ഉണ്ടെന്ന് മനസിലാക്കുന്നത്. പക്ഷേ രോഗം പുരോഗമിച്ചാൽ അത് ഹെപ്പറ്റൈറ്റിസ്, സിറോസിസ് എന്നീ പ്രശ്നങ്ങളിലേക്ക് ചെന്നെത്താം. അങ്ങനെ മറ്റു സങ്കീർണതകളൊക്കെയും കണ്ടെന്നു വരാം.
ചികിത്സ: രക്തത്തിലെ കരളിലെ എൻസൈമുകളുടെ പരിശോധന, വയറിന്റെ സോണോഗ്രാം സ്‌കാൻ എന്നിവയാണ് അസുഖം സ്ഥിരീകരിക്കുവാൻ സഹായിക്കുന്നത്. കരളിലെ എൻസൈമുകളുടെ അളവ് രക്തത്തിൽ അധികമാകാം. സ്‌കാനിൽ കരളിന്റെ വലിപ്പം ശരാശരിയിൽ കൂടുതലോ ആയേക്കാം. മദ്യപാനം നിർത്തുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. മദ്യപാനം ഒഴിവാക്കി മൂന്നു മാസത്തിനുള്ളിൽ കരളിൽ വന്ന വ്യത്യാസങ്ങൾ മാറുന്നു. കൂടാതെ ശരീരഭാരം പൊക്കത്തിനനുസരിച്ചു ക്രമീകരിക്കാനും സാധിക്കണം. അതിനു പോഷകാഹാരവും വ്യായാമവും സഹായിക്കും. ഇന്നുതന്നെ താങ്കൾ മുൻകൈയെടുത്തു ഭർത്താവിനെ മദ്യം കഴിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുക. തീർച്ചയായും അല്പം നാളുകൾക്കുള്ളിൽ തന്നെ ഫാറ്റി ലിവറിൽ നിന്ന് അദ്ദേഹത്തിന് മോചനം ലഭിക്കാനാവും.