തിരുവനന്തപുരം: കൃത്യനിർവഹണത്തിനിടെ ഡി.വൈ.എഫ്.ഐ നേതാവിന്റെ മർദ്ദനത്തിനിരയായതിന് പരാതിപ്പെട്ട എസ്.ഐയ്ക്ക് സ്ഥലംമാറ്റം. പാലോട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ എം.സലിമിനെയാണ് ആറ്റിങ്ങൽ സ്റ്റേഷനിലേക്ക് മാറ്റിയത്. സംഭവത്തിന് ദൃക് സാക്ഷികളായ പൊലീസുകാരെ ഡി.വൈ.എഫ്.ഐ നേതാവ് വിരട്ടിയെന്നും പരാതിയുണ്ട്. കൈയേറ്റ രംഗങ്ങളുടെ മൊബൈൽ ദൃശ്യങ്ങളും നേതാവ് ഡിലീറ്റ് ചെയ്യിച്ചു. സംഭവം നടന്ന് ആറുദിവസമായിട്ടും നേതാവിനെതിരെ കേസെടുത്തിട്ടില്ല.
ഇക്കഴിഞ്ഞ 7ന് വൈകുന്നേരം പാലോട് ആര്യാ ആശുപത്രിക്ക് മുൻവശം വാഹന പരിശോധനക്കിടെ ഹെൽമറ്റില്ലാതെ ബൈക്കോടിച്ച യുവാവിന് ഗ്രേഡ് എസ്.ഐ സലിം നൂറ് രൂപ പെറ്റിയടിച്ചു. തുടർന്ന് യുവാവിനൊപ്പം ബൈക്കിലുണ്ടായിരുന്ന ഡി.വൈ.എഫ്.ഐ നേതാവ് പൊലീസുകാരനെയും എസ്.ഐയേയും വിരട്ടി.
അടുത്തദിവസം വൈകുന്നേരം സലിം ഡ്യൂട്ടി സംബന്ധമായ കാര്യങ്ങൾ ജി.ഡി ചാർജിനോട് സംസാരിച്ച് നിൽക്കുന്നതിനിടെ യുവനേതാവ് മറ്ര് രണ്ടുപേർക്കൊപ്പം അവിടെയെത്തി വാക്കേറ്റത്തിലേർപ്പെട്ടു. സലിമിനെ അസഭ്യം പറഞ്ഞ യുവനേതാവ് പിടിച്ചുതള്ളുകയും നെഞ്ചത്ത് ഇടിക്കുകയും ചെയ്തു.
തന്നെ കൈയേറ്റം ചെയ്ത വിവരം സലിം എസ്.ഐയേയും സി.ഐയേയും അറിയിച്ചശേഷം സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകി.
പാലോട് ഗവ.ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ, സംഭവം ഒത്തുതീർക്കാനാണ് ശ്രമം നടന്നത് എന്നാണ് ആക്ഷേപം.