ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ 27ന് കേരളത്തിലെത്തും. തിരഞ്ഞെടുപ്പിൽ കുറഞ്ഞത് നാല് സീറ്റിലെങ്കിലും വിജയിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനമാകും ആസൂത്രണം ചെയ്യുക. സീറ്റൊന്നും ലഭിക്കാതിരുന്നാൽ സംസ്ഥാന നേതൃത്വത്തിൽ അടിമുടി അഴിച്ചുപണി ഉണ്ടാകുമെന്ന സന്ദേശം സന്ദർശന വേളയിൽ അമിത് ഷാ നൽകിയേക്കും. കണ്ണൂരിൽ ജില്ലാ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനമുൾപ്പടെ വിവിധ പരിപാടികളിൽ അമിത് ഷാ പങ്കെടുക്കും.
മുതിർന്ന ആർ.എസ്.എസ് നേതാക്കളുമായും ചർച്ച നടത്തും. കുമ്മനം രാജശേഖരനെ അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതിനെ തുടർന്ന് അതൃപ്തരായ സംസ്ഥാനത്തെ ആർ.എസ്.എസ് നേതാക്കളെ അനുനയിപ്പിക്കുക കൂടിയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പം നിന്ന സാഹചര്യം തിരഞ്ഞെടുപ്പിൽ തങ്ങൾക്കനുകൂലമാക്കി മാറ്റണമെന്ന സന്ദേശം ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് കേന്ദ്ര നേതൃത്വം നൽകിയിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്തെ ചില മുതിർന്ന കോൺഗ്രസ് നേതാക്കളെ ബി.ജെ.പിയിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങൾ ലക്ഷ്യത്തിലെത്താത്തതിൽ കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ടെന്ന് സൂചനയുണ്ട്.കേരളത്തിലെ ഇടത്, വലത് മുന്നണികളിലെ അസംതൃപ്തരെ കണ്ടെത്തി സംഘടനയിലേക്ക് കൊണ്ടുവരണമെന്ന് കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് അത്തരമൊരു പരീക്ഷണത്തിന് തുടക്കമിട്ടത്. ആർ.എസ്. എസിന്റെ സംഘടനാ സംവിധാനത്തിന് സമാനമായ രീതിയിൽ കോർപറേഷൻ പ്രദേശങ്ങളിൽ നഗര ജില്ലാ കമ്മിറ്രികളും ബാക്കിയുള്ള പ്രദേശങ്ങളിൽ ഗ്രാമീണ ജില്ലാ കമ്മിറ്രികളും രൂപീകരിക്കാനും ശ്രമമുണ്ട്.
കേരളത്തിലെ പ്രത്യേക രാഷ്ട്രീയ കാലാവസ്ഥയിൽ യു.ഡി.എഫിനെ ദുർബലപ്പെടുത്തുന്നതിലൂടെ ബി.ജെ.പിക്ക് മുന്നേറാൻ കഴിയുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. കോൺഗ്രസിൽ നിന്നുള്ള നേതാക്കളെ അടർത്തിയെടുത്ത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബി.ജെ.പിയെ ശക്തിപ്പെടുത്തിയ മാതൃക കേരളത്തിലും തുടരാൻ കഴിയുമെന്നും നേതൃത്വം വിലയിരുത്തുന്നു.ലോക് സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ശക്തമായ പ്രവർത്തനമാകും അമിത് ഷായുടെ വരവോടെ സംസ്ഥാനത്ത് തുടക്കമിടുക.