crime

പിണറായി: മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ ആക്രമിച്ചതിന് 11 പേർക്കെതിരെ പിണറായി പൊലീസ് കേസെടുത്തു. ഉമ്മൻ ചിറയിൽ നസീബ മൻസിലിൽ മുഹമ്മദ് നബീൽ (24)ആണ് സദാചാര ആക്രമണത്തിനിരയായത്. ബന്ധുക്കളുടെ പരാതിയിൽ ഉമ്മൻച്ചിറ സ്വദേശികളായ ഷരീഫ്, അൻസാർ, ദിൽസാർ, ഷഫാദ്, സാദിഖ് എന്നിവർക്കതിരെയും കണ്ടാലറിയാവുന്ന ആറ് പേർക്കെതിരെയു മാണ് കേസെടുത്തത്.

മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് രാത്രി സമയങ്ങളിൽ വീട്ടിൽ നിന്ന് ഇറങ്ങി നടക്കുന്നത് പതിവാണെന്നും കണ്ടെത്തിയാൽ നാട്ടുകാർ തിരികെ വീട്ടിലേക്ക് എത്തിക്കാറുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ ഉമ്മൻചിറയിലെ മറ്റൊരു വീടിന് സമീപത്ത് വെച്ച് നബീലിനെ കണ്ട പതിനൊന്നംഗ സംഘം സദാചാര പൊലീസ് ചമഞ്ഞ് ചോദ്യംചെയ്ത് മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.

നബീലിന്റെ നിലവിളി കേട്ടെത്തിയ പ്രദേശവാസികളും വീട്ടുകാരും ചേർന്നാണ് യുവാവിനെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് അടിയന്തര ശാസ്ത്രക്രിയയ്ക്കും നബീലിനെ വിധേയനാക്കി. മർദ്ദനത്തിൽ ജനനേന്ദ്രീയത്തിനും പരിക്കേറ്റിട്ടുണ്ട്. കൈവിരലുകൾക്കും ഇടത് കൈയുടെയും എല്ലിനും പൊട്ടലുണ്ട്. സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ച പാടുമുണ്ടെന്ന് പരാതിയിൽ പറയുന്നു.. നട്ടെല്ലിന് ക്ഷതമേറ്റതിനാൽ ഒരു വർഷത്തേക്ക് വിശ്രമം വേണമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. പ്രതികൾക്ക് വേണ്ടി അന്വേഷണം ആരംഭിച്ചതായും പിണറായി പൊലീസ് അറിയിച്ചു.