തിരുവനന്തപുരം: ബഹുനില മന്ദിരങ്ങളിൽ തീപിടിത്തമോ മറ്ര് അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാൽ രക്ഷാപ്രവർത്തനത്തിനായി സംസ്ഥാന അഗ്നിശമന സേനയ്ക്ക് സ്കൈ ലിഫ്റ്റ് ഉടൻ എത്തും. ഫ്ലാറ്റുകളുൾപ്പെടെ അംബരചുംബികളായ കെട്ടിടങ്ങളിൽ അത്യാഹിതങ്ങളിൽ അകപ്പെടുന്നവരെ രക്ഷിക്കാനും അഗ്നിശമന പ്രവർത്തനങ്ങൾക്കുമായി തിരുവനന്തപുരത്തും കൊച്ചിയിലുമാണ് ആദ്യഘട്ടത്തിൽ സ്കൈ ലിഫ്റ്റുകൾ ലഭ്യമാക്കുക. വിദേശ രാജ്യങ്ങളിലേതുപോലെ രക്ഷാപ്രവർത്തനത്തിനൊപ്പം അഗ്നിശമന സേവനം കൂടി നടത്താൻ ഇതുവഴി കഴിയും. ലിഫ്റ്റ് അടങ്ങിയ രണ്ട് വിദേശ നിർമ്മിത വാഹനങ്ങളാണ് ഇതിനായി വാങ്ങുന്നത്. 28 കോടി രൂപയാണ് ഇതിനായി സർക്കാർ അനുവദിച്ചത്.
അഗ്നിശമന സേന നേരിട്ടോ സംസ്ഥാന ചെറുകിട വ്യവസായ കോർപ്പറേഷൻ മുഖാന്തിരമോ ആകും വാഹനങ്ങൾ വാങ്ങുക.വാഹനങ്ങളിലുണ്ടാകേണ്ട സൗകര്യങ്ങളുടെ മാനദണ്ഡം അംഗീകരിച്ചു.ഇനി പർച്ചേസിനുള്ള സർക്കാർ അനുമതി മാത്രം ലഭിച്ചാൽ മതി. ജനവാസമേറിയ നഗരങ്ങളിലും പട്ടണങ്ങളിലും ബഹുനില മന്ദിരങ്ങൾ നിർമ്മിക്കാൻ ഫയർഫോഴ്സ് അനുമതി നൽകാറുണ്ടെങ്കിലും മൂന്ന് നിലയ്ക്ക് മുകളിലേക്ക് രക്ഷാപ്രവർത്തനത്തിനുള്ള യാതൊരു സംവിധാനവും നിലവിൽ സേനയ്ക്കില്ല. ആകെയുള്ളത് കഷ്ടിച്ച് 35 മീറ്റർ ഉയരത്തിൽ കയറാവുന്ന ഏണികൾ മാത്രം. മൂന്ന് നിലയ്ക്ക് മുകളിലേക്കുള്ള കെട്ടിടങ്ങളിൽ അഗ്നിസുരക്ഷാ സംവിധാനം സജ്ജമാക്കിയിട്ടുണ്ടെങ്കിലും ദുരന്തങ്ങളിൽ പെട്ടെന്ന് രക്ഷാപ്രവർത്തനം സാദ്ധ്യമാക്കാനും ആളപായവും നാശനഷ്ടങ്ങളും കുറയ്ക്കാനും അത്യാധുനിക ഉപകരണങ്ങൾ വേണ്ടിവരുന്നു. ഇത് വിലയിരുത്തിയാണ് സ്കൈ ലിഫ്റ്റിനുള്ള ശുപാർശ അഗ്നിശമനസേന സമർപ്പിച്ചത്.