police

തിരുവനന്തപുരം: സംസ്ഥാന പൊലീസിന്റെ ഡാറ്റാ മാനേജ്‌മെന്റ് സംവിധാനത്തിൽ ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ ഏർപ്പെടുത്തുന്നു. കേസുകളുടെ അന്വേഷണത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഏജൻസികളുടെ പരസ്പര സഹായത്തോടെയുള്ള പ്രവർത്തനം ഊർജിതമാക്കാനാണിത്. കേരള പൊലീസിൽ ആദ്യമായാണ് ഈ സംവിധാനം വരുന്നത്. പദ്ധതിയെക്കുറിച്ച് വിശദമായ നിർദ്ദേശം സമർപ്പിക്കാനായി ഡി.ജി.പി ലോക്‌നാഥ് ബെഹ്ര പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി അനന്തകൃഷ്ണൻ ചെയർമാനായ സമിതിയിൽ ബറ്റാലിയൻ ഡി.ഐ.ജി, സംസ്ഥാന ക്രൈം റെക്കാഡ്‌സ് ബ്യൂറോ എസ്.പി എന്നിവരാണ് അംഗങ്ങൾ. സമിതി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. തുടർന്ന് പദ്ധതി പ്രാബല്യത്തിലാക്കും.


ബ്ലോക്ക് ചെയിനിന്റെ സാങ്കേതിക വശങ്ങൾ ഉൾപ്പെടെ പഠിക്കാൻ വിശദമായ ചർച്ചകൾ ഇക്കാര്യത്തിൽ നടത്തേണ്ടി വരും. ഡി.ജി.പിയുടെ നിർദ്ദേശപ്രകാരം അനുവദിച്ച സമയപരിധിക്കുള്ളിൽതന്നെ റിപ്പോർട്ട് സമർപ്പിക്കുമെന്ന് സമിതി ചെയർമാനായ എ.ഡി.ജി.പി പറഞ്ഞു. നിലവിൽ കേസുകളുടെ അന്വേഷണ പുരോഗതി സംബന്ധിച്ച വിവരങ്ങൾ കൈമാറുന്നതിൽ വിവിധ ഏജൻസികൾ തമ്മിൽ പ്രായോഗികമായ പല ബുദ്ധിമുട്ടുകളും നേരിടുന്നുണ്ട്. ഇത് പരിഹരിക്കാനാണ് ബ്ലോക്ക് ചെയിൻ സംവിധാനം ഏർപ്പെടുത്തുന്നത്.


ബ്ലോക്ക് ചെയിൻ
സുതാര്യമായ തുറന്ന ഡാറ്റാബേസ് ആണ് ബ്ലോക്ക് ചെയിൻ. ഈ ഡാറ്റാബേസിലേക്ക് ചേർക്കപ്പെടുന്ന ഓരോ കാര്യവും അതിന് മുൻപ് ചേർക്കപ്പെടുന്നവയുമായി ബന്ധപ്പെട്ട് കിടക്കും. ആർക്കും ഒരു വിധത്തിലുള്ള തിരുത്തലുകളോ കൃത്രിമ ഇടപെടലോ നടത്താൻ സാധിക്കില്ല. ഓരോ ഇടപാടും അടുക്കുകൾ അല്ലെങ്കിൽ ബ്ലോക്കുകൾ ആയി പരിണമിച്ച് അവസാനം ഒരു ചെയിൻ ആയി മാറുന്നു. ഈ അർത്ഥത്തിലാണ് ബ്ലോക്ക് ചെയിൻ എന്ന പേര് തന്നെ ഈ സാങ്കേതികവിദ്യയ്ക്ക് വന്നത്. ബ്ലോക്ക് ചെയിൻ ടെക്‌നോളജിയിൽ ഒരിക്കലും ഒരു വിവരം അഥവാ ഇൻഫർമേഷനുകൾ സെൻട്രൽ കമ്പ്യൂട്ടറിൽ ശേഖരിച്ച് വയ്ക്കുന്നില്ല. പകരം ഒരു കൂട്ടം കമ്പ്യൂട്ടറുകളിലായിരിക്കും വിവരങ്ങൾ ഉണ്ടാവുക. അതിനാൽ ഹാക്കർമാരോ വിവരങ്ങൾ മോഷ്ടിക്കാൻ ശ്രമിക്കുന്ന മറ്റുള്ളവരോ സെൻട്രൽ കമ്പ്യൂട്ടറിൽ നുഴഞ്ഞുകയറിയാലും ഡാറ്റകൾ ചോർത്താൻ പറ്റില്ല.