indrajith

വ്യത്യസ്ത പ്രമേയവുമായി എത്തി സൂപ്പർഹിറ്റായ ചിത്രമാണ് ബിനു സംവിധാനം ചെയ്ത ഇതിഹാസ. ചിത്രം റിലീസായി നാലു വർഷത്തിനു ശേഷം രണ്ടാം ഭാഗവുമായി എത്തുകയാണ് സംവിധായകൻ. ഷൈൻ ടോം ചാക്കോയും അനുശ്രീയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. എന്നാൽ, രണ്ടാം ഭാഗത്തിൽ നായകനാവുക ഇന്ദ്രജിത്തായിരിക്കും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ദ്രജിത്ത് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരുന്നു.

ഇതിഹാസ 2 ആരും വിശ്വസിക്കാത്ത കഥ എന്നാണ് പോസ്റ്ററിലുള്ളത്. ഇന്ദ്രജിത്തിനൊപ്പം പുതുമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. യുവതാരനിരയിൽ നിന്ന് നായകനിരയിലേക്ക് ഷൈൻ ടോം ചാക്കോയെ ഉയർത്തിയ ചിത്രമായിരുന്നു ഇതിഹാസ. പുരുഷന്റെ മനസും സ്ത്രീയുടെ ഉടലുമായി എത്തിയ അനുശ്രീയും ചിത്രത്തിൽ കൈയടി നേടിയിരുന്നു. ബാലു വർഗീസ്, സ്വപ്ന മേനോൻ, ദിവ്യപ്രഭ തുടങ്ങിയവരാണ് ആദ്യ ഭാഗത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.