soubin-

അമ്പിളി എന്ന ചിത്രത്തിനു ശേഷം സൗബിൻ ഷാഹിർ വീണ്ടും നായകനാവുകയാണ്. പൊന്നുംകുരിശ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഭദ്രനാണ്. ഉടയോനു ശേഷം ഭദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ നായകനാകുമെന്നാണ് വാർത്തകൾ പുറത്തുവന്നിരുന്നത്. മോഹൻലാലിന്റെ തിരക്കുകൾ കാരണം ഭദ്രൻ സൗബിനെ നായകനാക്കിയുള്ള പ്രോജക്ട് ആരംഭിക്കുകയായിരുന്നു.

ക്രിസ്ത്യൻ കുടുംബ പശ്ചാത്തലത്തിലുള്ള ഒരു മുഴുനീള ആക്ഷൻ ചിത്രമായിരിക്കും പൊന്നുംകുരിശെന്നാണ് പുറത്തുവരുന്ന വിവരം. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. അടുത്ത വർഷം മോഹൻലാലിനെ നായകനാക്കി ഭദ്രൻ സിനിമ സംവിധാനം ചെയ്യുമെന്നാണ് അറിയുന്നത്.

ഭദ്രന്റെ സൂപ്പർ ഹിറ്റ് ചിത്രമായ സ്ഫടികത്തിന്റെ രണ്ടാം ഭാഗം മറ്റൊരു സംവിധായകൻ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ നിലനിൽക്കുന്നതിനിടെയാണ് തന്റെ പുതിയ ചിത്രവുമായി ഭദ്രനെത്തുന്നത്.