cows

തിരുവനന്തപുരം : കേരളം ഇത് വരെ കണ്ടതിൽ വച്ചേറ്റവും വലിയ പ്രളയത്തിൽ ലക്ഷക്കണക്കിന് വളർത്ത് മൃഗങ്ങളാണ് ചത്തൊടുങ്ങിയത്. ഇതിൽ പശുവിനെ വളർത്തി പാൽ വിറ്റ് ജീവിച്ചവരാണ് ഏറെ കഷ്ടപ്പെട്ടത്. തങ്ങളുടെ അരുമകളായ മൃഗങ്ങൾ നഷ്ടമായതിനൊപ്പം ജീവിതമാർഗവും ഇരുളടഞ്ഞതായി തീർന്നു. എന്നാൽ പ്രളയം തകർത്ത ക്ഷീര വികസനമേഖലയുടെ ഉയർത്തെഴുന്നേൽപ്പിനായി ഇരുപത്തി രണ്ട് കോടിയുടെ പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിൻ പ്രകാരം പശു വളർത്തലിന് സബ്സിഡി നിരക്കിൽ ധനസഹായം നൽകും. പ്രളയം ബാധിച്ച അൻപത് ബ്‌ളോക്കുകളിൽ പദ്ധതി നടപ്പിലാക്കും. ക്ഷീര കർഷകർക്കായി പശു ഒന്നിന് 33,000 രൂപ നിരക്കിൽ ധനസഹായം നൽകും. പദ്ധതിയിൽ
1200 ക്ഷീര കർഷകർക്ക് ഒരു പശുവിനെയും, 900 പേർക്ക് രണ്ടു പശുവിനെയും വാങ്ങുവാനുള്ള സഹായം നൽകുന്നതാണ് ഈ പദ്ധതി. 1,500 ക്ഷീര കർഷകർക്ക് പശു വളർത്തലിനുള്ള ആവശ്യാധിഷ്ഠിത സഹായം എന്ന നിലയ്ക്ക് 50,000 രൂപ വരെ സഹായം നൽകും.

പ്രളയത്തിൽ കാലിത്തൊഴുത്ത് തകർന്നവർക്കും ധനസഹായം നൽകും. 50,000 രൂപ വരെയാണ് കാലിത്തൊഴുത്ത് പുനർനിർമ്മിക്കുവാനായി നൽകുന്നത്. കേരളം പാലുൽപ്പാദനത്തിൽ സ്വയം പര്യാപ്തത നേടുന്നതിന്റെ അടുത്തെത്തിയപ്പോഴാണ് പ്രളയം ഈ മേഖലയെ തകർത്തെറിഞ്ഞത്.