mullappalli-ramachandran

തിരുവനന്തപുരം: യുവ എം.എൽ.എമാർക്കെതിരെ കടുത്ത സ്വരമുയർത്തി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടി നടത്തിയ രാജ്‌ഭവൻ മാർച്ചിന് എത്താത്ത എം.എൽ.എമാരോട് എ.ഐ.സി.സി നിർദ്ദേശ പ്രകാരം മുല്ലപ്പള്ളി വിശദീകരണം തേടി. അധികാരദല്ലാളന്മാർ ആവശ്യമില്ലെന്നും പ്രവർത്തിക്കാത്തവർ പുറത്തുപോകുമെന്നും മുല്ലപ്പള്ളി തിരുവനന്തപുരം ഡി.സി.സി യോഗത്തിൽ തുറന്നടിച്ചു. എം.എൽ.എ ശബരീനാഥനെ വേദിയിലിരുത്തിയായിരുന്നു വിമർശനം. തന്റെ അതൃപ്‌തി ശബരിയെ അറിയിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

നാവായിക്കുളം ഉപതിരഞ്ഞെടുപ്പ് തോൽവിയിൽ തിരുവനന്തപുരം ഡി.സി.സിയ്‌ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. രണ്ടു പതിറ്റാണ്ടായി വിജയിച്ചു വരുന്ന നാവായിക്കുളം പഞ്ചായത്ത് വാർഡ് ഉപതിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടതിൽ ഡി.സി.സി പ്രസിഡന്റിനോട് മുല്ലപ്പള്ളി വിശദീകരണം തേടിയിട്ടുണ്ട്. നിരവധി ജില്ലാ ഭാരവാഹികളുണ്ടെങ്കിലും അവരൊക്കെ മറ്റെവിടെയോ നിശബ്ദ സേവനത്തിലാണെന്നും മുല്ലപ്പള്ളി തുറന്നടിച്ചു. നടപടികളെല്ലാം തന്റെ തന്നിഷ്‌ട പ്രകാരമല്ലെന്നും എ.ഐ.സി.സി നിർദ്ദേശപ്രകാരമാണെന്നും കെ.പി.സി.സി അദ്ധ്യക്ഷൻ കൂട്ടിച്ചേർത്തു.