kamalhassan

ചെന്നൈ: ഡി.എം.കെയുമായുള്ള ബന്ധം ഉപേക്ഷിച്ചാൽ കോൺഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്ന് മക്കൾ നീതി മയ്യം നേതാവും നടനുമായ കമലഹാസൻ. ഡി.എം.കെ- കോൺഗ്രസ് സഖ്യം തകർന്നാൽ 2019ലെ ലോക്‌‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി കൈകോർക്കാൻ തയ്യാറാണ്. കോൺഗ്രസ്‌ മക്കൾ നീതി മയ്യം സഖ്യം തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് ഗുണകരമാകുമെന്ന് കോൺഗ്രസിനോട് പറയാൻ താൻ ആഗ്രഹിക്കുകയാണെന്നും കമൽ വ്യക്തമാക്കി.ഒരു സ്വകാര്യ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

കഴിഞ്ഞ ജൂണിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കമലഹാസൻ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തമിഴ്‌നാട് രാഷ്ട്രീയത്തെക്കുറിച്ച് തങ്ങൾ ചർച്ച നടത്തിയെങ്കിലും അത് നിങ്ങൾ ഉദ്ദേശിക്കുന്ന തരത്തിലല്ല എന്നായിരുന്നു അന്ന് കമൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.

അഴിമതിക്കൊപ്പം നിലകൊള്ളുന്ന ഡി.എം.കെയേയും എ.ഐ.ഡി.എം.കെയേയും അധികാരത്തിൽ നിന്ന് പുറത്താക്കണമെന്നും, അതിന് ജനങ്ങൾ തനിക്കൊപ്പം നിൽക്കണമെന്നുമാണ് കമലിന്റെ നിലപാട്.