ramdayal-uike

ബിലാസ്പുർ : അടുത്തമാസം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തീസ്ഗഡിൽ കോൺഗ്രസിന് അപ്രതീക്ഷിത തിരിച്ചടി. ബി.ജെ.പിയിൽ നിന്നും സംസ്ഥാനം തിരിച്ചുപിടിക്കാനിറങ്ങിയ കോൺഗ്രസിന്റെ വർക്കിംഗ് പ്രസ്ഡന്റ് ബി.ജെ.പി കൂടാരത്തിലേക്ക് ചേക്കേറിയതാണ് കോൺഗ്രസിനെ ഞെട്ടിച്ചിരിക്കുന്നത്. ഛത്തീസ്ഗഡിലെ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റായ രാം ദിയാൽ യുകി നീണ്ട പതിനെട്ട് വർഷത്തെ കോൺഗ്രസ് ബാന്ധവം എറിഞ്ഞുടച്ചാണ് ബി.ജെ.പിയിൽ ചേർന്നത്. നിലവിൽ എം.എൽ.എയായ രാം ദിയാൽ യുകിയെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്തത് പാർട്ടി അഖിലേന്ത്യാ അദ്ധ്യക്ഷൻ അമിത് ഷായാണ്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമൺ സിംഗും ചടങ്ങിൽ പങ്കെടുത്തു. എന്നാൽ രാം ദിയാൽ യുകി പാർട്ടിവിട്ടതിനെ കുറിച്ച് യാതൊന്നും തനിക്കറിയില്ലെന്ന് ഛത്തീസ്ഗഡ് കോൺഗ്രസ് അദ്ധ്യക്ഷൻ പ്രതികരിച്ചു.

കോൺഗ്രസ് പാർട്ടിയുടെ സ്ഥാനാർത്ഥി പട്ടിക കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി അംഗീകരിച്ചിരുന്നു, രണ്ട് ദിവസങ്ങൾക്കകം പട്ടിക പ്രസിദ്ധീകരിക്കാനിരിക്കവേ യാണ് വർക്കിംഗ് പ്രസ്ഡന്റ് മറുകണ്ടം ചാടിയത്.