sabarimala


1. ശബരിമല സ്ത്രീ പ്രവേശന വിധിയിൽ എൻ.എസ്.എസ് നൽകിയ പുനപ്രവേശന ഹർജിക്ക് എതിരെ സുപ്രീംകോടതിയിൽ ഹർജി. അയ്യപ്പനെ അപമാനിക്കരുത് എന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ എൻ.എസ്.എസിന്റെ വാദങ്ങൾ തള്ളി. അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം കണക്കിലെടുത്ത് 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ മാറ്റി നിർത്തണം എന്ന വാദം സ്ത്രീവിരുദ്ധം എന്ന് ഹർജിയിൽ വാദം.


2. പത്ത് വയസുള്ള പെൺകുട്ടിയെ അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ഭേദിക്കാൻ സാധ്യതയുള്ള ആളായി ചിത്രീകരിക്കുന്നത് അയ്യപ്പനെ അപമാനിക്കുന്നതിനും അപകീർത്തിപ്പെടുത്തുന്നതിനും തുല്യം എന്ന് ഹർജിയിൽ പ്രധാന വാദം. ലക്ഷണക്കണക്കിന് അയ്യപ്പ ഭക്തരെ അപമാനിക്കുന്ന വാദമാണ് എൻ.എസ്.എസിന്റേത്. പുനപരിശോധന ഹർജി നൽകാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ല. പക്ഷെ എൻ.എസ്.എസിന്റെ ഇത്തരം വാദങ്ങൾ അംഗീകരിക്കാൻ ആകില്ലെന്നും ഹർജിയിൽ പരാമർശം.


3. മധ്യകേരളത്തെ നടുക്കിയ എ.ടി.എം കവർച്ചയിലെ കൊള്ള സംഘത്തിൽ ഏഴ് പേരെന്ന് പൊലീസ്. മോഷ്ടാക്കൾ ധൻബാദ് എക്‌സ്പ്രസിൽ കേരളം വിട്ടെന്ന് പൊലീസ്. മോഷ്ടാക്കൾ വേഷം മാറി പോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ചാലക്കുടി ഹൈസ്‌കൂളിന് പിന്നിൽ നിന്ന് ഏഴ് പേർ നടന്നു പോകുന്നതാണ് ദൃശ്യങ്ങൾ. കേസ് അന്വേഷണത്തിന് പ്രത്യേക സ്‌കോഡിനെ രൂപീകരിക്കും. ഡൽഹി, തമിഴ്‌നാട് പൊലീസ് സേനയുടെ സഹായം തേടാനും തീരുമാനം.


4. പൊലീസ് കണ്ടെടുത്ത കവർച്ച സംഘത്തിന്റെ വാഹനത്തിൽ ഒന്നിലേറെ ഇടങ്ങളിൽ രക്തക്കറ കണ്ടെത്തി. പ്രദേശത്ത് നിന്ന് ലഭിച്ച വിരൽ അടയാളം നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോയ്ക്ക് കൈമാറി. മൂന്ന് ജില്ലകളെ ഞെട്ടിച്ച കവർച്ചയ്ക്ക് പിന്നിൽ ഉത്തരേന്ത്യൻ, തമിഴ്‌നാട് ബന്ധമുള്ള പ്രൊഫഷണൽ സംഘം എന്ന് പൊലീസ്. അടുത്തിടെ ജയിൽ മോചിതരായ മോഷ്ടാക്കളുടെ വിവരങ്ങൾ ശേഖരിക്കാനും നീക്കം.


5. കവർച്ചാ സംഘത്തിന്റെ മൊബൈൽ നമ്പറുകൾ തിരിച്ചറിയാൻ സൈബർ വിദഗ്ധരുടെ നേതൃത്വത്തിൽ അന്വേഷണം തുടരുന്നു. എ.ടി.എം തകർക്കാൻ ഉപയോഗിച്ച ഗ്യാസ് കട്ടറും സിലിണ്ടറും വാങ്ങിയത് കോട്ടയത്ത് നിന്ന് എന്ന് സൂചന. കവർച്ചാ സംഘം കേരളത്തിന് പുറത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് തമിഴ്‌നാട്ടിലേക്കും കർണാടകത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. തൃശൂർ കൊരട്ടിയിലും എറണാകുളം ഇരുമ്പനത്തുമായി ഇന്നലെ നടന്നത് 35 ലക്ഷം രൂപയുടെ കവർച്ച.


6. യുവ എം.എൽ.എമാരെ പരസ്യമായി വിമർശിച്ച് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. രാജ് ഭവൻ മാർച്ചിൽ പങ്കെടുക്കാത്ത എം.എൽ.എമാർക്ക് മുല്ലപ്പള്ളിയുടെ വിമർശനം. ആരെയും ചുമന്ന് നടക്കേണ്ട ഉത്തരവാദിത്വം കോൺഗ്രസിന് ഇല്ലെന്നും എല്ലാവരും പാർട്ടിക്ക് താഴെ എന്നും സംസ്ഥാന അദ്ധ്യക്ഷൻ. കേരളത്തിലെ പാർട്ടി പ്രവർത്തകരുടെ പ്രവർത്തനം ഉന്നതതലത്തിൽ നിരീക്ഷിക്കപ്പെടുന്നുണ്ട് എന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.


7. അനധികൃതമായി അവധിയിൽ തുടരുന്നവർക്ക് എതിരെ വീണ്ടും കെ.എസ്.ആർ.ടി.സി നടപടി എടുത്തു. ദീർഘകാലമായി ജോലിക്ക് ഹാജരാകാത്ത 134 ഉദ്യോഗസ്ഥരെ കൂടി പിരിച്ചുവിട്ടു. 69 ഡ്രൈവർമാർക്കും 65 കണ്ടക്ടർമാർക്കും എതിരെ ആണ് നടപടി എടുത്തത്. കഴിഞ്ഞ ആഴ്ച 733 പേരെയാണ് കെ.എസ്.ആർ.ടി.സി പിരിച്ചുവിട്ടത്.


8. സംസ്ഥാന പൊലീസിന്റെ ഡാറ്റാ മാനേജ്‌മെന്റ് സംവിധാനത്തിൽ ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ ഏർപ്പെടുത്തുന്നു. കേസുകളുടെ അന്വേഷണത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഏജൻസികളുടെ പരസ്പര സഹായത്തോടെ ഉള്ള പ്രവർത്തനം ഊർജിതമാക്കാൻ ആണിത്. കേരളാ പൊലീസിൽ ആദ്യമായാണ് ഈ സംവിധാനം വരുന്നത്. പദ്ധതിയെ കുറിച്ച് വിശദമായ നിർദ്ദേശം സമർപ്പിക്കാനായി ഡി.ജി.പി ലോക്‌നാഥ് ബെഹ്ര പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി.


9. രാജ്യത്താകെ കത്തിപ്പടരുന്ന മീ ടൂ വെളിപ്പെടുത്തലിൽ വെട്ടിലായി ബി.സി.സി.ഐ സി.ഇ.ഒ രാഹുൽ ജോഹ്രിയും. ജോഹ്രി തന്നോട് അപമര്യാദയായി പെരുമാറി എന്ന് മാദ്ധ്യമ പ്രവർത്തകയുടെ ആരോപണം. പെടസ്ട്രയൻ എന്ന ട്വിറ്റർ അക്കൗണ്ടിലൂടെ ആണ് യുവതി ആരോപണം ഉന്നയിച്ചത്. ഒരു ജോലിയുടെ ആവശ്യത്തിനായി ഇരുവരും കണ്ടു മുട്ടിയപ്പോൾ ജോഹ്രി തന്നോട് അപമര്യാദയായി പെരുമാറി എന്നാണ് വെളിപ്പെടുത്തൽ.


10. 21 വർഷത്തിന് ശേഷം ഫുട്‌ബോൾ കളത്തിൽ ഇന്ത്യയും ചൈനയും മുഖാമുഖം. അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ ഇന്ന് ഇന്ത്യ ചൈനയെ നേരിടും. വൈകീട്ട് 5.05 മുതൽ സുഷു സിറ്റിയിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ ആണ് മത്സരം. പതിവു നായകൻ സുനിൽ ഛേത്രിക്ക് പകരം സന്ദേശ് ജിംഗാനാകും ടീമിനെ നയിക്കുക.


11. കേരളത്തെ പേടിപ്പിച്ച നിപ വൈറസ് ബാധയും രോഗികളെ ചികിത്സിക്കുന്നതിന് ഇടയിൽ ജീവൻ ബലിയർപ്പിക്കേണ്ടി വന്ന നഴ്‌സ് ലിനിയുടെ ജീവിതവും ആസ്പദമാക്കി ആഷിക് അബു ഒരുക്കുന്ന വൈറസിൽ നിന്നും പിന്മാറിയതായി കളിദാസ് ജയറാമിന്റെ സ്ഥിരീകരണം. സിനിമയിൽ നിന്ന് പിന്മാറിയെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിന് ഇടയിൽ ആണ് സ്ഥിരീകരണവുമായി കാളിദാസ് തന്നെ രംഗത്ത് വന്നത്. ചിത്രത്തിൽ നിന്നും പിൻമാറിയെന്നും ഇതേക്കുറിച്ച് കൂടുതലൊന്നും പറയാൻ ആഗ്രഹിക്കുന്നില്ല എന്നും ആണ് കാളിദാസ് പ്രതികരിച്ചത്.


12 വിനായകനെ കേന്ദ്ര കഥാപാത്രമാക്കി തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുക ആണ് സംവിധായകൻ ഷാനവാസ് കെ ബാവക്കുട്ടി. തൊട്ടപ്പൻ എന്നാണ് ചിത്രത്തിന്റെ പേര്. ഫ്രാൻസിസ് നൊറോണയുടെ 7 കഥകളുടെ സമാഹാരം ആണ് ചിത്രത്തിന് ആധാരം. എറണാകുളത്ത് ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ്. പി.എസ് റഫീക്കിന്റേത് ആണ് തിരക്കഥ.