wcc-press-meet

കൊച്ചി: സിനിമാ സംഘടനയായ 'അമ്മ'യ്‌ക്കെതിരെ കടുത്ത വിമർശനവുമായി വനിതാ കൂട്ടായ്‌മയായ വിമെൻ ഇൻ സിനിമാ കളക്‌ടീവ് ( ഡബ്ല്യു.സി.സി).അമ്മയുടെ പ്രസിഡന്റായ മോഹൻലാലിനും എക്സിക്യൂട്ടീവ് അംഗങ്ങൾക്കുമെതിരെ കടുത്ത വിമർശനമാണ് ഡബ്ല്യു.സി.സി അംഗങ്ങൾ ഉയർത്തിയത്. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഡബ്ല്യു.സി.സി തുറന്നടിച്ചത്.

15 വർഷമായി സിനിമയിൽ പ്രവർത്തിച്ച നടിക്ക് നേരെ ആക്രമണം നടന്നിട്ട് ഒരു നടപടിയും ഉണ്ടായില്ല. അവിടെ നിന്നായിരുന്നു വിമെൻ ഇൻ സിനിമാ കളക്‌ടീവിന്റെ രൂപീകരണത്തിന് തുടക്കമിട്ടത്. ഇന്ത്യ മുഴുവൻ ഒരു മൂവ്‌മെന്റ് നടക്കുന്ന സമയമാണിത്. സ്ത്രീകൾ പറഞ്ഞാൽ അത് കേൾക്കുന്ന സമയം. എന്നാൽ കേരളത്തിൽ അങ്ങനെയല്ല നടക്കുന്നത്. നടിമാരായ രേവതി, പാർവതി, പദ്‌മപ്രിയ, രമ്യാ നമ്പീശൻ, അഞ്ജലി മേനോൻ, ബീനാ പോൾ, റിമ കല്ലിംഗൽ എന്നിവരാണ് സംസാരിച്ചത്.

വാർത്താ സമ്മേളനത്തിന്റെ പ്രസക്തഭാഗങ്ങൾ:

രേവതി: മുമ്പ് നടന്ന ചർച്ചയിൽ പങ്കെടുത്ത ഞങ്ങൾ മൂന്ന് പേരുടെ പേര് പറയാൻ അങ്ങേർക്ക് സാധിച്ചില്ല. അമ്മയുടെ ഒരു പ്രോഗ്രാമിനും എന്നെ ക്ഷണിച്ചിട്ടില്ല. 1995ൽ രൂപീകരിച്ച സമയം ഞാൻ മെമ്പറാണ്. ഞനൊരു കൊമേഴ്‌സ്യൽ പേഴ്‌സണല്ല. അതുകൊണ്ടായിരിക്കാം. കുറ്റാരോപിതനായ ആൾ സംഘടനയ്‌ക്ക് അകത്തും, പീഡനം അനുഭവിച്ചവൾ പുറത്തും. ഇതാണ് ഇവിടെ നടക്കുന്നത്.

പാർവതി: അന്ന് നടന്ന ചർച്ചയ്‌ക്ക് മുന്നോടിയായി അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെ വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, എന്തിനാണ് ഇങ്ങനെ ബഹളം വയ്ക്കുന്നതെന്നാണ്. എന്തിനാണ് അമ്മയുടെ പേര് ചീത്തയാക്കുന്നത്. എന്തെങ്കിലുമുണ്ടെങ്കിൽ നമുക്ക് സംസാരിച്ച് തീർത്തുകൂടെ എന്നായിരുന്നു.ഏതു പ്രശ്‌നത്തിനും ഞങ്ങൾ കൂടെയുണ്ട്. ഇതുവിശ്വസിച്ചാണ് അന്ന് ചർച്ചയ്‌ക്ക് ഞങ്ങൾ പോയത്.

ഏഴാം തീയതി നടന്ന അന്നത്തെ ചർച്ചയിൽ ആദ്യത്തെ 40 മിനിട്ട് ഞങ്ങൾ നേരിടേണ്ടി വന്നത് ആരോപണങ്ങൾ മാത്രമായിരുന്നു. സംസാരിക്കാൻ പോലും ഞങ്ങളെ അനുവദിച്ചില്ല. ഒടുവിൽ ഇരയുടെ ശബ്‌ദ സന്ദേശം പുറത്തു വിടേണ്ടി വന്നു.

പത്‌മപ്രിയ: മോഹൻലാലിന്റേതായിരുന്നു ആദ്യ പ്രതികരണം. ഇരയെ ഞാൻ സപ്പോർട്ട് ചെയ്യാം. എന്നാൽ ജനറൽ ബോഡി എടുത്ത തീരുമാനം ഞാൻ മാത്രം എങ്ങനെ തിരുത്തും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഇവിടെ ഇത്രയും വലിയ കേസായിട്ടും ഒരു നടപടിയുമില്ല. മറ്റുള്ളിടങ്ങളിൽ അങ്ങനെയല്ല. ആമീർ ഖാൻ, അക്ഷയ് കുമാർ തുടങ്ങിയവരൊക്കെ ഇത്തരം ആരോപണങ്ങളോട് എങ്ങനെയാണ് പ്രതികരിച്ചതെന്ന് നമ്മൾ കണ്ടതാണ്.

അവർ ആരോപണ വിധേയനെ സംരക്ഷിക്കുകയും, അതിജീവിച്ചവളെ പുറത്തു നിറുത്തുകയുമാണ് ചെയ്‌തത്. കുറ്റാരോപിതനായ ആൾ സംഘടനയിൽ ഉണ്ടെന്നോ പുറത്താണെന്നോ എന്ന് പറയാൻ അവർ ധൈര്യം കാണിക്കുന്നില്ല. പിന്നെ എന്താണ് അമ്മ എന്ന സംഘടനയുടെ പ്രസക്തി. അവർക്കെന്തോ മറയ്‌ക്കാനുണ്ട്.

പാർവതി: എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ തന്നെ ഒരു മെമ്പർ പറഞ്ഞിട്ടാണ് രചനയും ഹണിയും ഇരയ്‌ക്കു വേണ്ടി കോടതിയിൽ ഹർജി നൽകിയത് എന്നാണ് പറഞ്ഞത്. ആ മെമ്പർ ബാബു രാജായിരുന്നു. എന്നാൽ അയാൾ പിന്നീട് 'ചൂടുവെള്ളത്തിൽ വീണ പൂച്ച' എന്നാണ് ഇരയെ വിശേഷിപ്പിച്ചത്.

വളരെ കുറച്ച് ആൾക്കാർ മാത്രമാണ് അന്നത്തെ ചർച്ചയിൽ പെട്ടെന്ന് തീരുമാനമെടുക്കാം എന്ന് പറഞ്ഞത് എന്നാൽ അത് അവരുടെ ഒരു നാടകമായിരുന്നെന്ന് ഇന്ന് ഞങ്ങൾ സംശയിക്കുന്നു. മീഡിയയോട് ഒന്ന് പറയരുതെന്നായിരുന്നു അവർ ഞങ്ങളോട് പറഞ്ഞു കൊണ്ടിരുന്നുത്. അവരുടെ ഒരേയൊരാവശ്യം ഇതു മാത്രമായിരുന്നു.

രേവതി: ഇതു കഴിഞ്ഞ് അമ്മ ഞങ്ങൾക്കയച്ച കത്തിൽ പറഞ്ഞിരുന്നത് ഇരയേയും സംഘടനയിൽ നിന്ന് പുറത്തു പോയവരെയും തിരിച്ചെടുക്കാം എന്നാണ്. വേണമെങ്കിൽ നിങ്ങൾക്കും പങ്കെടുക്കാം എന്നായിരുന്നു കത്തിൽ പറഞ്ഞത്.

ഇതൊരു മാറ്റം വേണ്ട സമയമാണ്. അമ്മയിലെ താരങ്ങൾ എന്തു ചെയ്‌താലും അത് വാർത്തയാണ്. അവർ കഴിക്കുന്നതും, നടക്കുന്നതും എല്ലാം വാർത്തായാണ്. ജനങ്ങൾ അവരെ അനുകരിക്കുകയാണ്. അങ്ങനെയുള്ളവർക്ക് സമൂഹത്തോട് ഒരു ഉത്തരവാദിത്വമില്ലേ.

രമ്യാ നമ്പീശൻ: നിയമങ്ങൾ അവർ എഴുതുന്നു. ചിലത് വേണ്ടാന്ന് വയ്‌ക്കുന്നു. ഞങ്ങൾ എവിടെ ചെന്ന് പരാതിപ്പെടും. ഞങ്ങൾ നേരിടുന്ന പ്രശ‌നങ്ങൾ പറയാൻ ഞങ്ങൾക്ക് ഒരു സ്ഥലം വേണം. സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ഇത്തരം പ്രശ‌നങ്ങൾ നേരിടുന്നുണ്ട്. പേടി കൊണ്ട് പുറത്തു പറയാത്തതാണ്. ഇനി ഇത്തരം നാടകങ്ങൾക്ക് ഞങ്ങൾ കൂട്ടു നിൽക്കില്ല.