കൊച്ചി: വില പുതിയ ഉയരം തേടി കുതിപ്പ് തുടങ്ങിയതോടെ, ഇന്ത്യയിൽ ഡീസൽ ഡിമാൻഡ് കുറഞ്ഞു തുടങ്ങി. കഴിഞ്ഞമാസം വില്‌പന 0.8 ശതമാനം കുറഞ്ഞ് 6.03 മില്യൺ ടണ്ണിലെത്തി. പത്തുമാസത്തിനിടെ ആദ്യമായാണ് ഡീസൽ വില്‌പന ഇടിയുന്നത്. ഇന്ത്യയിൽ ആകെ വിറ്റഴിയുന്ന ഇന്ധനത്തിന്റെ 40 ശതമാനവും ഡീസലാണ്. കഴിഞ്ഞമാസത്തെ മൊത്തം ഇന്ധന വില്‌പന (പെട്രോളും ഡീസലും ഉൾപ്പെടെ) 1.3 ശതമാനം ഇടിഞ്ഞ് 16.54 മില്യൺ ടണ്ണിലെത്തിയെന്ന് പെട്രോളിയം പ്ളാനിംഗ് ആൻഡ് അനാലിസിസ് സെല്ലിന്റെ (പി.പി.എ.സി) കണക്കുകൾ വ്യക്തമാക്കി.
പെട്രോൾ വില്‌പന നേരിട്ട ഇടിവ് 4.2 ശതമാനമാണ്. 2.23 മില്യൺ ടൺ പെട്രോൾ സെപ്‌തംബറിൽ വിറ്റഴിഞ്ഞു. കഴിഞ്ഞമാസം പാസഞ്ചർ വാഹന വില്‌പന 5.6 ശതമാനം ഇടിഞ്ഞതും പെട്രോൾ, ഡീസൽ വില്‌പന കുറയാനിടയാക്കി. അതേസമയം, കഴിഞ്ഞമാസം വ്യോമയാന ഇന്ധന, പാചക വാതക വില്‌പന കുത്തനെ കൂടിയെന്നും പി.പി.എ.സി വ്യക്തമാക്കി. ക്രൂഡോയിൽ വില വർദ്ധന, രൂപയുടെ മൂല്യത്തകർച്ച മൂലം ഇന്ധന ഇറക്കുമതിയിലുണ്ടായ വർദ്ധന എന്നിവ മൂലമാണ് ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലകൾ റെക്കാഡ് കുതിപ്പ് തുടങ്ങിയത്.
വില മുന്നോട്ട്
രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞിട്ടും ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില തുടർച്ചയായ എട്ടാം നാളിലും ഉയർന്നു. പെട്രോൾ വില തിരുവനന്തപുരത്ത് ഇന്നലെ ലിറ്ററിന് 18 പൈസ വർദ്ധിച്ച് 86.02 രൂപയായി. ലിറ്ററിന് 30 പൈസ ഉയർന്ന് 80.46 രൂപയാണ് ഡീസൽ വില.
7 ദിവസം, ഡീസലിന് ₹2.35 കൂടി
ഇന്ധനവില റോക്കറ്റ് പോലെ കുതിക്കുന്നതിനെതിരെ പ്രതിഷേധം അലയടിച്ചതിന്റെ ചുവടുപിടിച്ച് ഈമാസം നാലിന് ധനമന്ത്രാലയം എക്‌സൈസ് നികുതി ഒന്നര രൂപ കുറച്ചിരുന്നു. എണ്ണക്കമ്പനികൾ ഒരു രൂപയും കുറച്ചതോടെ, പിറ്റേന്ന് തിരുവനന്തപുരത്ത് പെട്രോളിന് 2.56 രൂപയും ഡീസലിന് 2.63 രൂപയും കുറഞ്ഞു. എന്നാൽ, തൊട്ടടുത്ത നാൾ മുതൽ വില വീണ്ടും കൂടിത്തുടങ്ങി. ഈമാസം ആറു മുതൽ ഇന്നലെ വരെ പെട്രോളിന് കൂടിയത് 1.19 രൂപ. ഡീസലിന് 2.35 രൂപയും കൂടി.
ക്രൂഡോയിൽ വില താഴേക്ക്
കഴിഞ്ഞമാസാവസാനം ബാരലിന് 85 ഡോളറിനുമേൽ എത്തിയ ബ്രെന്റ് ക്രൂഡ് വില ഇപ്പോൾ 80 ഡോളറിലാണുള്ളത്. എന്നിട്ടും ഇന്ത്യയിൽ ഇന്ധനവില കൂടുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്‌ന്നതിനാൽ ക്രൂഡോയിൽ ഇറക്കുമതി ചെലവ് ഏറിയതാണ് കാരണം. ഉത്‌പാദനം കൂടുതൽ വെട്ടിക്കുറയ്‌ക്കില്ലെന്ന് ഒപെക് രാഷ്‌ട്രങ്ങളും റഷ്യയും വ്യക്തമാക്കിയിച്ചുണ്ട്. ഇത്, വരുംനാളുകളിൽ ക്രൂഡ് വില സ്ഥിരത നേടാൻ കളമൊരുക്കും.