sbi

കോഴിക്കോട്: കോഴിക്കോട് - കണ്ണൂ‌ർ റോഡിലെ തവോട് പ്ളേസിൽ എസ്.ബി.ഐ വെൽത്ത് ഹബ്ബിന് തുടക്കമായി. കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ എസ്. വെങ്കട്ടരാമൻ ഉദ്ഘാടനം ചെയ്‌തു. കോർപ്പറേറ്റ് സെന്റർ വെൽത്ത് ബിസിനസ് യൂണിറ്റ് ചീഫ് ജനറൽ മാനേജർ ഗിരിധര കിണി, തിരുവനന്തപുരം സർക്കിൾ നെറ്ര്‌വർക്ക് - 2 ജനറൽ മാനേജർ റുമാദേ തുടങ്ങിയവർ സംബന്ധിച്ചു.

അതിവേഗം വളരുന്ന സമ്പന്ന വിഭാഗത്തെയാണ് എസ്.ബി.ഐ വെൽത്ത് ലക്ഷ്യമിടുന്നതെന്ന് എസ്. വെങ്കട്ടരാമൻ പറഞ്ഞു. ഉപഭോക്താക്കൾക്ക് സമഗ്രവും മികച്ചതുമായ അനുഭവം ഹബ്ബ് സമ്മാനിക്കും. ബാങ്ക് അവതരിപ്പിച്ച 'ഓപ്പൺ പ്ളാറ്ര്‌ഫോമി'ലൂടെ വിപണിയിലെ മുൻനിര സ്ഥാപനങ്ങളുടെ ഏറ്റവും മികച്ച പ്രോഡക്‌ടുകൾ നേടാൻ ഉപഭോക്താക്കൾക്ക് കഴിയും. ഇന്റർനെറ്റ്, മൊബൈൽ തുടങ്ങിയ ഡിജിറ്റൽ ചാനലുകൾ മുഖേന സ്വതന്ത്രമായി പോർട്ട്‌ഫോളിയോ കാണാനും ഇടപാടുകൾ നടത്താനും നിക്ഷേപിക്കാനും ഉപഭോക്താക്കൾക്ക് സാധിക്കും..

ഉപഭോക്താക്കളുടെ എല്ലാ ബാങ്കിംഗ് ആവശ്യങ്ങളും നിറവേറ്റാൻ എസ്.ബി.ഐ വെൽത്ത് സഹായിക്കും. ഉപഭോക്താക്കളുടെ നിക്ഷേപങ്ങളെ നിശ്‌‌ചിത കാലയളവിൽ അവലോകനം ചെയ്യുകയും ആവശ്യമുള്ള നിർദേശങ്ങൾ നൽകുകയും ചെയ്യും. ഉപഭോക്താക്കൾക്ക് ചാർ‌ജുകളിൽ ഇളവോ ഒഴിവാക്കലോ ലഭ്യവുമാണ്. 2016 ജൂലായിലാണ് എസ്.ബി.ഐ വെൽത്ത്, രാജ്യത്താദ്യമായി ബാങ്കിംഗ് രംഗത്ത് ആരംഭിച്ചത്. രാജ്യത്തെ മൂന്നാമത്തെ വെൽത്ത് ഹബ്ബ് 2017 ജനുവരിയിൽ എറണാകുളത്ത് തുടങ്ങി. തുടർന്ന് തിരുവനന്തപുരത്തും ആലുവയിലും എസ്.ബി.ഐ വെൽത്ത് ആരംഭിച്ചു. നടപ്പു സാമ്പത്തിക വർഷം ഒമ്പത് മേഖലകളിലേക്ക് കൂടി ടച്ച് പോയിന്റുകൾ വർദ്ധിപ്പിക്കാനും പദ്ധതിയുണ്ടെന്ന് എസ്. വെങ്കട്ടരാമൻ പറഞ്ഞു.