മുംബയ് : ജീവിതത്തിലും സംഗീതത്തിലും നിഴൽ വീശി നിന്ന ഒരു വടവൃക്ഷത്തെ കടന്നുപോകാനുള്ള പ്രതിഭയുടെ പൊൻ തിളക്കമുണ്ടായിരുന്നിട്ടും സ്വയം ഉൾവലിഞ്ഞ് മഹാനഗരത്തിലെ വീടിന്റെ അകത്തളങ്ങളിൽ സംഗീതത്തെ ഉപാസിച്ച് പതിറ്റാണ്ടുകൾ നിശബ്‌ദയായി ജീവിച്ച ഇതിഹാസമായ അന്നപൂർണാ ദേവി ലോകം ആഘോഷിക്കാത്ത രാഗപൂർണിമയായി അസ്‌തമിച്ചു. രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. വർഷങ്ങളായി വാർദ്ധക്യത്തിന്റെ അവശതയിലായിരുന്നു. മുംബയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെ 3.51ന് ആയിരുന്നു അന്നപൂർണാ ദേവിയുടെ അന്ത്യം. 91 വയസായിരുന്നു.
സുർബഹർ ( ബാസ് സിതാർ ) എന്ന വാദ്യത്തിലൂടെ ഹിന്ദുസ്ഥാനി ശാസ്‌ത്രീയ സംഗീതത്തിന്റെ അപാരതകളിൽ വിഹരിച്ച അന്നപൂർണാ ദേവി വിഖ്യാത സംഗീതജ്ഞൻ ഉസ്‌താദ് 'ബാബ' അലാവുദ്ദീൻ ഖാന്റെ പുത്രിയും ശിഷ്യയും സിതാർ മാന്ത്രികൻ പണ്ഡിറ്റ് രവിശങ്കറിന്റെ ആദ്യ ഭാര്യയും ആയിരുന്നു. സിതാറിന്റെ മോഹന ധ്വനികളിൽ ലോകം ആഘോഷിച്ച രവിശങ്കറിനൊപ്പം ആദ്യകാലത്ത് സംഗീത വേദികളിൽ പ്രത്യക്ഷപ്പെട്ടുള്ള അന്നപൂർണാ ദേവി പിന്നീട് ആ വേദികളിൽ നിന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നും അകന്ന് സംഗീതത്തിന്റെ ഏകാന്ത ധ്യാനത്തിൽ ലയിക്കുകയായിരുന്നു. ശ്രുതി ചേരാതെ പോയ ആ ജീവിതത്തിന്റെ നൊമ്പരങ്ങൾ അവർ ഒരിക്കലും വെളിപ്പെടുത്തിയിട്ടില്ല. അന്നപൂർണാ ദേവി തന്നെ പറഞ്ഞിട്ടുള്ളതുപോലെ ആ രഹസ്യങ്ങൾ അവർക്കൊപ്പം മണ്ണിലേക്ക് മറയുന്നു.