ചെന്നൈ: ഡി.എം.കെയുമായുള്ള ബന്ധം ഉപേക്ഷിച്ചാൽ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്ന് നടനും മക്കൾ നീതി മയ്യം നേതാവുമായ കമലഹാസൻ വ്യക്തമാക്കി. ഒരു പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിലാണ് ആദ്യമായി സഖ്യം സംബന്ധിച്ച് കമലഹാസൻ പരസ്യ പ്രസ്താവന നടത്തുന്നത്. 'ഡി.എം.കെ- കോൺഗ്രസ് സഖ്യം തകർന്നാൽ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി കൈകോർക്കാൻ തയ്യാറാണ്. കോൺഗ്രസ്- മക്കൾ നീതി മയ്യം സഖ്യം തമിഴ് ജനതയ്ക്ക് ഗുണകരമാകുമെന്ന് കോൺഗ്രസിനോട് പറയാൻ ആഗ്രഹിക്കുന്നു' - കമലഹാസൻ വ്യക്തമാക്കി. ഇക്കഴിഞ്ഞ ജൂണിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്ന് തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങൾ തങ്ങൾ ചർച്ച ചെയ്തതായി കമലഹാസൻ വ്യക്തമാക്കിയിരുന്നു. എന്നാൽ സഖ്യം സംബന്ധിച്ച് തീരുമാനങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കാവേരി നദീജല പ്രശ്നവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനായി മക്കൾ നീതി മയ്യത്തിന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ നിന്ന് ഡി.എം.കെ വിട്ടു നിൽക്കുകയും യോഗത്തെ അപമാനിക്കുകയും ചെയ്തിരുന്നു. മക്കൾ നീതി മയ്യം അഴിമതിക്കെതിരാണെന്നും ഡി.എം.കെയും എ.ഡി.എം.കെയും അഴിമതിക്കാരാണെന്നും കമലഹാസൻ നേരത്തേ പ്രസ്താവന നടത്തിയിരുന്നു.