കൊച്ചി: മമ്മൂട്ടി നായകനായി അഭിനയിച്ച പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ മോശമായി പെരുമാറിയെന്ന ആരോപണവുമായി യുവനടി രംഗത്ത്. കൊച്ചിയിൽ ഡബ്ല്യു.സി.സിയുടെ നേതൃത്വത്തിൽ നടന്ന വാർത്താസമ്മേളനത്തിലാണ് പുതമുഖ നടിയായ അർച്ചന പദ്മിനി ഇക്കാര്യം വെളിപ്പെടുത്തിയത്. ഷെറിൻ സ്റ്റാൻലി എന്ന പ്രാെഡക്ഷൻ കൺട്രോളറാണ് തന്നോട് മോശമായി പെരുമാറിയതെന്ന് അർച്ചന പദ്മിനി പറഞ്ഞു.
സിനിമയിൽ നിന്നും തനിക്കുണ്ടായ മോശം അനുഭവവുമായി ബന്ധപ്പെട്ട് ഫെഫ്ക്കയ്ക്ക് രണ്ട് തവണ പരാതി നൽകിയിരുന്നു. എന്നാൽ ഇയാൾക്കെതിരെ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് അർച്ചന പറയുന്നു. ബി.ഉണ്ണിക്കൃഷ്ണനാണ് പരാതി നൽകിയത്. എന്നാൽ അയാൾ ഇപ്പോഴും സിനിമ മേഖലയിൽ സജീവമാണ്. അതേസമയം, തനിക്ക് ഇപ്പോൾ സിനിമകളൊന്നുമില്ലെന്നും അർച്ചന വ്യക്തമാക്കി.
സോഹൻ സീനുലാൽ എന്ന നടന്റെ നേതൃത്വത്തിലാണ് ഫെഫ്കയുമായി സമാധാന ചർച്ച നടത്തിയതെന്നും ബി. ഉണ്ണികൃഷ്ണൻ, സിബി മലയിൽ എന്നിവരും ഉണ്ടായിരുന്നതായും അവർ പറഞ്ഞു. സിനിമയിൽ മുൻനിരയിലുണ്ടായ നടി സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോയപ്പോൾ നിശബ്ദമായ സംഘടന ചെറിയ വേഷം കൈകാര്യം ചെയ്യുന്ന തന്റെ അവസ്ഥ എന്തായിരിക്കുമെന്നും അർച്ചന കൂട്ടിച്ചേർത്തു. പൊലീസിനെ അറിയിച്ചോ? എന്ന ചോദ്യത്തിന് വീണ്ടുമൊരു വെർബൽ റേപ്പിന് പാത്രമാകാൻ താൽപര്യമില്ലെന്നും അർച്ചന പറഞ്ഞു.