brazil

റിയാദ്: സൗഹൃദ ഫുട്ബാൾ പോരാട്ടത്തിൽ പൊരുതിക്കളിച്ച സൗദി അറേബ്യയ്ക്കെതിരെ ബ്രസീൽ വിയർത്തു ജയിച്ചു. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് സൗദ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്രസീലിന്റെ വിജയം. തിരിച്ചുവരവ് ഗംഭീരമാക്കിയ ഗബ്രിയേൽ ജീസസും അലക്സ് സാൻഡ്രോയുമാണ് ബ്രസീലിനായി ലക്ഷ്യം കണ്ടത്.85-ാം മിനിറ്റിൽ ഗോൾ കീപ്പർ മൊഹമ്മദ് അൽ ഒവായിസ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതിനെ തിടർന്ന് പത്തുപേരുമായാണ് സൗദി മത്സരം പൂർത്തിയാക്കിയത്.

ബ്രസീലിന്റെ രണ്ട് ഗോളിനും അസിസ്റ്റ് നൽകിയത് നെയ്‌മറായിരുന്നു. നെയ്‌മറും കൗട്ടീഞ്ഞോയും ജീസസും കസീമെറോയുമെല്ലാം അണിനിരന്ന കരുത്തരായ കാനറി പടയെ ഞെട്ടിക്കുന്ന പ്രകടനമാണ് സൗദി പുറത്തെടുത്തത്. ആദ്യ പകുതിയിൽ ഒപ്പത്തിനൊപ്പം പോരാടിയ സൗദിക്കെതിരെ 43-ാം മിനിറ്റിൽ ജീസസ് നേടിയ ഗോളിലാണ് ബ്രസീൽ മുന്നിലെത്തിയത്. നെയ്‌മർ നൽകിയ ത്രൂപാസിൽ നിന്നാണ് ജീസസിന്റെ ഗോൾ.പെനാൽറ്റി ബോക്സിന് പുറത്തിറങ്ങി പന്ത് കൈകൊണ്ട് തടയാൻ ശ്രമിച്ച് സൗദി ഗോളി മുഹമ്മദ് അൽ ഒവാസിസ് 85-ം മിനിറ്റിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. തുടർന്ന് മത്സരം അവസാനിക്കാൻ സെക്കന്റുകൾ ശേഷിക്കെ നെയ്‌മറുടെ പാസിൽ നിന്ന് സാൻഡ്രോ ബ്രസീലിന്റെ രണ്ടാം ഗോളും നേടുകയായിരുന്നു. ചൊവ്വാഴ്ച ചിരവൈരികളായ അർജന്റീനയ്ക്കെതിരെയാണ് ബ്രസീലിന്റെ അടുത്ത മത്സരം.