ബീജിംഗ്: സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ചെെനയെ ഗോൾരഹിത സമനിലയിൽ തളച്ച് ഇന്ത്യയുടെ നീലപ്പട്ടാളം. ഗോൾപോസ്റ്റിന് മുന്നിൽ വൻമതിലായി നിന്ന ഗുർപ്രീതിന്റെ മിന്നും സേവുകളാണ് ഇന്ത്യയ്ക്ക് വിജയത്തിന് പോന്ന സമനില നേടിക്കൊടുത്തത്. ഇരുടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കാൻ സാധിക്കാതിരുന്നതോടെ വിജയം അകന്ന് നിൽക്കുകയായിരുന്നു. സമനില നേടിയെങ്കിലും ചെെനീസ് മണ്ണിൽ ആദ്യമായി വിജയക്കൊടി പാറിക്കാം എന്ന ജിംഗാന്റെയും കൂട്ടരുടെയും ആഗ്രഹം സഫലമായില്ല.
ഇന്ത്യയേക്കാൾ റാങ്കിംഗിൽ ഏറെ മുന്നിലുള്ള ചെെനയെ തടഞ്ഞ് നിർത്തിയത് ഗോൾകീപ്പർ ഗുർപ്രീതിന്റെ കിടിലം സേവുകളും വിള്ളൽ വീഴാത്ത പ്രതിരോധവുമായിരുന്നു. ചെെനയ്ക്കെതിരെ പതിനെട്ട് മത്സരങ്ങളിൽ ഒരു ജയം പോലുമില്ലാതെയാണ് ഇന്ത്യ മടങ്ങുന്നത്.