unnikrishnan-and-archana

കൊച്ചി: പുള്ളിക്കാരൻ സ്റ്റാറാ എന്ന മമ്മൂട്ടി ചിത്രത്തിന്റെ സെറ്റിൽ നിന്നും മോശം അനുഭവം നേരിട്ടെന്ന വെളിപ്പെടുത്തൽ നടത്തിയ അർച്ചന പദ്മിനിക്കെതിരെ സംവിധായകൻ ബി.ഉണ്ണിക്കൃഷ്ണൻ രംഗത്ത്. അർച്ചന ഉന്നയിച്ച ആരോപണങ്ങൾ ശുദ്ധകള്ളമാണെന്ന് ബി.ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. അർച്ചന എന്ന പെൺകുട്ടി താൻ നേരിട്ട ദുരനുഭവം വിവരിച്ച് മെയിലയച്ചപ്പോൾ നടപടി സ്വീകരിച്ചതാണെന്നും ഉണ്ണിക്കൃഷ്ണൻ വ്യക്തമാക്കി. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചതിന് അർച്ചനയ്ക്കെതിരെയും ഡബ്ല്യു.സി.സിക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അർച്ചനയുടെ പരാതി ലഭിച്ചപ്പോൾ തന്നെ അവരെ ഓഫീസിലേയ്ക്ക് ഞങ്ങളാണ് വിളിച്ചു വരുത്തിയത്. കുറ്റം ആരോപിച്ചയാളെയും വരുത്തി. ഞാനുമുണ്ടായിരുന്നു സിബി മലയിലും ഉണ്ടായിരുന്നു.ഞങ്ങൾ അവരോട് ആദ്യം പറഞ്ഞത് ഇത് ഒരു ക്രിമിനൽ ഒഫൻസാണെന്നാണ്. പൊലീസ് കേസിന് വകുപ്പുള്ളതാണ് ഇതു സംഘടന കൈകാര്യം ചെയ്യണ്ട കാര്യമല്ല. നിങ്ങളോടൊപ്പം ഞങ്ങൾ പോലീസ് സ്റ്റേഷനിൽ വരാം. ഇപ്പോൾ തന്നെ നമുക്കു പരാതി ഫയൽ ചെയ്യാം. എല്ലാ നിയമസഹായവും അതിനുവേണ്ട കാര്യങ്ങളും ഞങ്ങൾ തന്നെ ചെയ്തു തരാം.

ഒരു കാരണവശാലും ഞങ്ങൾ അതിനു തയാറല്ല എന്നാണ് അവർ പറഞ്ഞത്. സംഘടനപരമായ നടപടി മതി. അയാളെ അപ്പോൾ തന്നെ സംഘടനയിൽ നിന്ന് പുറത്താക്കി. പുറത്താക്കിയ ശേഷം ഇതിനകത്ത് പൊലീസ് നടപടി വേണ്ട എന്നും സംഘടനപരമായ നടപടി മാത്രം മതി എന്നും എഴുതിയതിനകത്ത് അർച്ചന എന്ന് പറയുന്ന കുട്ടി ഒപ്പിട്ടിട്ടുണ്ട്. അതിന് ശേഷം പ്രോഡക്ക്ഷൻ എക്സിക്യൂട്ടിവ് യൂണിയൻ ഞങ്ങൾക്ക് കത്തയച്ചു'- ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.

തനിക്കുണ്ടായ മോശം അനുഭവത്തെ തുടർന്ന് ബി.ഉണ്ണിക്കൃഷ്ണന് പരാതി നൽകിയിട്ടുണ്ടെന്നും ഫെഫ്ക്ക നടപടി സ്വീകരിച്ചിട്ടില്ലെന്നുമായിരുന്നു അർച്ചനയുടെ വെളിപ്പെടുത്തൽ. സിനിമയിൽ മുൻനിരയിലുണ്ടായ നടി സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോയപ്പോൾ നിശബ്ദമായ സംഘടന ചെറിയ വേഷം കൈകാര്യം ചെയ്യുന്ന തന്റെ അവസ്ഥ എന്തായിരിക്കുമെന്നും അർച്ചന ചോദിച്ചിരുന്നു.