മുംബയ്: ലോകാത്തെയാകെ ഞെട്ടിച്ച മീ ടൂ ക്യാന്പയിനിൽ തുറന്ന് പറച്ചിലുമായി പുരുഷൻമാരും. ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെയാണ് മുൻ കാമുകനും നടനുമായ അധ്യാൻ സുമൻ തുറന്ന് പറച്ചിലുമായി രംഗത്തെത്തിയിരിക്കുകയാണ്. കങ്കണ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നാണ് വെളിപ്പെടുത്തൽ.
''അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദമാണ് മീ ടൂ മൂവ്മെന്റ്. ഇത് ഇത്രയധികം തരംഗമായതിൽ അതിയായ സന്തോഷമുണ്ട്. കങ്കണയുടെ വെളിപ്പെടുത്തലിനെ കുറിച്ച് രണ്ട് വർഷം മുമ്പ് വെളിപ്പെടുത്തിയതാണ്. അന്ന് ജോലിയിൽ പരാജയപ്പെട്ടവൻ എന്ന് വിളിച്ച് എല്ലാവരും എന്നെ പരിഹസിച്ചു. കുറച്ച് പേർ മാത്രമാണ് പിന്തുണച്ചത്. ഇപ്പോൾ ആളുകൾ എല്ലാം അറിയാൻ തുടങ്ങുന്ന കാലമാണ്. തുറന്ന് പറച്ചിലുകൾ ഇനിയും ഉണ്ടാവട്ടെ''- സുമൻ പറഞ്ഞു.
നേരത്തെ, ബോളുവുഡ് താരം ഹൃത്വിക് റോഷനെതിരെ വിമർശനം കടുപ്പിച്ച് കങ്കണ റാണാവത്ത് രംഗത്തെത്തിയിരുന്നു. നമ്മുടെ ചലച്ചിത്ര മേഖലയിൽ സ്ത്രീകളോട് മാന്യമായി പെരുമാറാത്ത ഒരുപാട് പേർ ഇപ്പോഴുമുണ്ട്. അവർ സ്ത്രീകളെ ഉപദ്രവിക്കും. ഭാര്യമാരെ ട്രോഫികളായി സൂക്ഷിക്കുന്ന ഇവർ ചെറുപ്പക്കാരികളായ നടിമാരെ വെപ്പാട്ടികളാക്കുന്നു. കങ്കണ തുറന്നടിച്ചു. ആത്മാഭിമാനം ഉള്ള ആരും തന്നെ ഹൃത്വിക്ക് റോഷനൊപ്പം ജോലി ചെയ്യാൻ തയ്യാറാകരുത്.
വികാസ് ബഹലിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുമ്പോഴാണ് മാധ്യമപ്രവർത്തകർക്കു മുന്നിൽ വച്ച് കങ്കണ ഹൃത്വിക്കിനെ കടന്നാക്രമിച്ചത്.ഹൃത്വിക്ക് റോഷനെതിരെ ആദ്യമായല്ല കങ്കണ ശബ്ദമുയർത്തുന്നത്. തന്റെ ഇമെയിൽ സന്ദേശങ്ങളും സ്വകാര്യ ചിത്രങ്ങളും ഹൃത്വിക് ചോർത്തിയെന്നായിരുന്നു കങ്കണയുടെ പ്രധാന ആരോപണം. ഈ കാര്യം ചൂണ്ടിക്കാട്ടി കങ്കണ പോലീസിൽ പരാതി നൽകിയിരുന്നു.തന്റെ പേര് ഉപയോഗിച്ച് കങ്കണയെ ആരൊക്കെയോ ചേർന്ന് കബളിപ്പിക്കുകയായിരുന്നുവെന്നായിരുന്നു ഹൃത്വിക്കിന്റെ വാദം.