annapurna

മുംബയ്:സംഗീതത്തിന്റെ മഹാപാരമ്പര്യത്തിലെ വജ്രത്തിളക്കമുള്ള കണ്ണിയായിരുന്നു അന്നപൂർണാ ദേവി. ഉസ്‌താദ് അലാവുദ്ദീൻ ഖാന്റെയും മദീന ബീഗത്തിന്റെയും നാല് മക്കളിൽ ഇളയവളായി 1927 ഏപ്രിൽ 23ന് മദ്ധ്യപ്രദേശിലെ മായിഹർ പട്ടണത്തിലാണ് അന്നപൂർണയുടെ ജനനം. റോഷനാര ഖാൻ എന്നായിരുന്നു ആദ്യ പേര്. മായിഹറിലെ മുൻ മഹാരാജാവ് ബ്രിജ്നാഥ് സിംഗാണ് അന്നപൂർണ എന്ന പേര് നൽകിയത്. അന്തരിച്ച ലോകപ്രശസ്ത സരോദ് മാന്ത്രികൻ ഉസ്‌താദ് അലി അക്ബർ ഖാൻ സഹോദരനാണ്. മഹാനായ പിതാവിന്റെ ശിഷ്യയായി അഞ്ചാം വയസിൽ സംഗീതം അഭ്യസിച്ചു തുടങ്ങിയ അന്ന പൂർണ ആദ്യം സിതാറിലായിരുന്നു വൈഭവം നേടിയത്. പിന്നീടാണ് സുർബഹർ തിരഞ്ഞെടുത്തത്.

പിതാവിന്റെ ശിഷ്യനായിരുന്നു രവിശങ്കർ. അദ്ദേഹത്തിന് 20 വയസുള്ളപ്പോൾ 14 കാരിയായ അന്നപൂർണയെ വിവാഹം ചെയ്യുകയായിരുന്നു. ആ പ്രായത്തിലാണ് പുത്രൻ ജനിക്കുന്നത് -ശുഭേന്ദ്ര 'ശുഭോ' ശങ്കർ. സംഗീതജ്ഞനും ഗ്രാഫിക് ആർട്ടിസ്റ്റുമായിരുന്ന അദ്ദേഹം 1992ൽ മരണമടഞ്ഞു. രവിശങ്കറുമായുള്ള ദാമ്പത്യം 21 വർഷം നീണ്ടു. 1962 വിവാഹമോചനം നേടിയ രവിശങ്കർ കാമുകി കമല ശാസ്‌ത്രിക്കൊപ്പം അമേരിക്കയിലേക്ക് പോയി. അതിന് ശേഷം അന്നപൂർണാ ദേവി പൊതുവേദികളിൽ പോയിട്ടില്ല. പിന്നീട് 55ാം വയസിൽ രവിശങ്കറിന്റെ ശിഷ്യനായിരുന്ന രൂഷികുമാർ പാണ്ഡ്യയെ (42) വിവാഹം ചെയ്‌തു. അദ്ദേഹം 2013ൽ മരണമടഞ്ഞു.

പിതാവിനെ പോലെ തന്നെ മഹാജ്ഞാനിയായ സംഗീത ഗുരുവായിരുന്നു അന്നപൂർണാ ദേവിയും. പുല്ലാങ്കുഴൽ ചക്രവർത്തി ഹരിപ്രസാദ് ചൗരസ്യ, അന്തരിച്ച സിതാർ മാന്ത്രികൻ പണ്ഡിറ്റ് നിഖിൽ ബാനർജി, പണ്ഡിറ്റ് നിത്യാനന്ദ് ഹാൽദിപൂർ, സഹോദര പുത്രനായ ആഷിഷ് ഖാൻ, സ്വന്തം പുത്രനായ ശുഭേന്ദ്ര ശങ്കർ തുടങ്ങിയ പ്രതിഭകൾ അന്നപൂർണയുടെ ശിഷ്യരാണ്.

രവിശങ്കറിനേയും സഹോദരൻ അലി അക്ബർ ഖാനേയും പിന്നിലാക്കുന്ന പ്രതിഭയായിരുന്നു അന്നപൂർണ എന്നാണ് പറയപ്പെടുന്നത്. പിതാവിന്റെ പ്രതിഭ പകർന്നു കിട്ടിയ അന്നപൂർണയ്‌ക്ക് വേദികളിൽ കൂടുതൽ കൈയടി കിട്ടിയത് രവിശങ്കറിനെ അസ്വസ്ഥനാക്കിയിരുന്നുവത്രേ.അതാണ് അവരെ അകറ്റിയതത്രേ. അഗാധമായ ജ്ഞാനത്തിന്റെ പിൻബലമുള്ള സംഗീതോപാസന ആത്മാന്വേഷണത്തിനുള്ള ധ്യാനമാക്കിയ അന്നപൂർണ ആദ്ധ്യാത്മികതയുടെ പൂർണതയിൽ ആൾക്കൂട്ടത്തിന്റെ ആരവങ്ങളോടും ലൗകിക കാമനകളോടും വിരക്തയായി സന്യാസ തുല്യമായ ജീവിതത്തിലേക്ക് പിൻവാങ്ങുകയായിരുന്നെന്നും കരുതപ്പെടുന്നുണ്ട്.

അഞ്ച് പതിറ്റാണ്ടിലേറെയാണ് അന്നപൂർണാ ദേവി മൗനത്തിന്റെയും ഏകാന്തതയുടെയും അപാരത സ്വയം വരിച്ച് സംഗീതത്തെ ഉപാസിച്ചത്. ഈ കാലയളവിൽ അവർ പുറം ലോകത്തേക്ക് ഇറങ്ങിയിട്ടില്ല. സംഗീത സദസുകൾ അവതരിപ്പിച്ചിട്ടില്ല.സ്വന്തം സംഗീതം റെക്കാഡ് ചെയ്‌തിട്ടില്ല. പ്രതിഭാധനരായ ശിഷ്യരെ ഒഴികെ സന്ദർശകരെ സ്വീകരിച്ചിട്ടില്ല. ആത്മാവിൽ സംഗീതവുമായി നിസംഗതയുടെ ആകാശത്ത് അന്നപൂർണ ജീവിതം പിന്നിടുമ്പോൾ രവിശങ്കർ സരോദിലെ ഇടിമിന്നലായി ലോകത്താകെ പാറിപ്പറന്ന് ജീവിതം ഉത്സവമാക്കുകയായിരുന്നു...