ന്യൂഡൽഹി: രാജ്യത്ത് സ്വർണത്തിന്റെ ഉപഭോഗം കുറയ്‌ക്കുന്നത് ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ പുറത്തിറക്കുന്ന സോവറിൻ ഗോൾഡ് ബോണ്ടിന്റെ വില നിശ്‌ചയിച്ചു. ഗ്രാമിന് 3,146 രൂപ നിരക്കിൽ ലഭിക്കുന്ന ബോണ്ട് തിങ്കളാഴ്‌ച വിപണിയിലെത്തും. ബോണ്ടിനായി ഓൺലൈനിലൂടെ അപേക്ഷിക്കുന്നവർക്കും ഡിജിറ്റൽ ഇടപാടിലൂടെ പണം നൽകുന്നവർക്കും ഗ്രാമിന് 50 രൂപ വീതം നിരക്കിളവ് ലഭ്യമാക്കാൻ കേന്ദ്ര സർക്കാരുമായി റിസർവ് ബാങ്ക് ചർച്ച നടത്തുന്നുണ്ട്.
ഡിജിറ്രലായി അപേക്ഷിക്കുന്നവർക്ക് ഗോൾഡ് ബോണ്ട്, ഗ്രാമിന് 3,096 രൂപ നിരക്കിൽ ലഭ്യമാകും. ഈമാസം മുതൽ 2019 ഫെബ്രുവരി വരെ ഓരോ മാസവും സോവറിൻ ഗോൾഡ് ബോണ്ട് വില്‌പനയ്‌ക്ക് വയ്‌ക്കാനാണ് റിസർവ് ബാങ്കിന്റെ തീരുമാനം. ബാങ്കുകൾ, സ്‌റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യ ലിമിറ്രഡ് (എസ്.എച്ച്.സി.ഐ.എൽ), തിരഞ്ഞെടുക്കപ്പെട്ട പോസ്‌റ്ര് ഓഫീസുകൾ, നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്, ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നിവ മുഖേന സ്വർണ ബോണ്ടുകൾ ലഭ്യമാകും.
പുതുതായി അവതരിപ്പിക്കുന്ന ഗോൾഡ് ബോണ്ടിനായുള്ള അപേക്ഷകൾ ഈമാസം 15 മുതൽ 19 വരെ സമർപ്പിക്കാം. 23ന് ബോണ്ട് വിതരണം ചെയ്യും. തുടർന്ന്, ഫെബ്രുവരി വരെ ഓരോ മാസവും അപേക്ഷ സ്വീകരിച്ച് വില്‌പനയുണ്ടാകും. ഒരാൾക്ക് ഒരു സാമ്പത്തിക വർഷം ഒരു ഗ്രാം മുതൽ 500 ഗ്രാം വരെ സ്വർണ ബോണ്ട് വാങ്ങാം. രാജ്യത്ത് സ്വർണത്തിന്റെ ഡിമാൻഡ് കുറയ്‌ക്കുകയും ജനങ്ങൾ സ്വർണത്തിൽ പണം നിക്ഷേപിച്ച് സേവിംഗ്‌സ് നടത്തുന്നത് കുറയ്‌ക്കുന്നതും ലക്ഷ്യമിട്ട്, 2015 നവംബറിലാണ് കേന്ദ്ര സർക്കാർ ആദ്യമായി ഗോൾഡ് ബോണ്ട് അവതരിപ്പിച്ചത്.