panth

ചേസിന് സെഞ്ച്വറി വിൻഡീസ് ഒന്നാം ഇന്നിഗ്സിൽ 311 റൺസിന് ആൾഔട്ട്

ഉമേഷിന് 6 വിക്കറ്റ് പ്രിഥ്വിഷായ്ക്കും പന്തിനും രഹാനെയ്ക്കും അർദ്ധ സെഞ്ച്വറി

ഹൈദരാബാദ്: വെസ്‌റ്റിൻഡീസിനെതിരായ രണ്ടാമത്തെയും അവസാനത്തേയും ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഒന്നാമിന്നിംഗ്സ് ലീഡിനരികെ. ആദ്യ ഇന്നിംഗ്സിൽ വെസ്‌റ്റിൻഡീസിനെ 311 റൺസിന് ആൾഔട്ടാക്കി ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ രണ്ടാം ദിനം സ്‌റ്രമ്പെടുക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 308 റൺസ് എന്ന ശക്തമായ നിലയിലാണ്. 6 വിക്കറ്റ് കൈയിലിരിക്കേ ഒന്നാം ഇന്നിംഗ്സ് ലീഡീന് വെറും നാല് റൺസ് അകലെയാണ് ഇന്ത്യ. ട്വന്റി -20 ശൈലിയിൽ ബാറ്റ് വീശിയ യുവ സെൻസേഷൻ പ്രിഥ്വി ഷായുടെയും (70) ഫോം തുടരുന്ന റിഷഭ് പന്തിന്റെയും (പുറത്താകാതെ 85), വൈസ് ക്യാപ്ടൻ അജിങ്ക്യ രഹാനെയുടേയും (പുറത്താകാതെ 75) അർദ്ധ സെഞ്ച്വറി പ്രകടനങ്ങളാണ് ഇന്ത്യൻ ഇന്നിംഗ്സിന്റെ ഹൈലൈറ്ര്. ക്യാപ്‌ടൻ വിരാട് കൊഹ്‌ലി 45 റൺസെടുത്തു. ടെസ്റ്റിൽ ക്യാപ്ടനെന്ന നിലയിൽ ഏറ്രവും കൂടുതൽ റൺസ് നേടിയ ഏഷ്യൻ താരമെന്ന റെക്കാഡും ഇന്നലത്തെ ഇന്നിംഗ്സിനിടെ കൊഹ്‌ലി മറികടന്നു. വ്യക്തിഗത സ്കോർ 27ൽ എത്തിയപ്പോഴാണ് മുൻ പാക് നായകൻ മിസ് ബാ ഉൾഹഖിനെ മറികടന്ന് കൊഹ്‌ലി ടെസ്‌റ്രിൽ ഏറ്രവും കൂടുതൽ റൺസ് നേടിയ ഏഷ്യൻ ക്യാപ്‌ടനായത്.

രാവിലെ 295 -7 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച വിൻഡീസിന് 6.4 ഓവർ കൂടിയെ ഇന്നലെ പിടിച്ചു നിൽക്കാനായുള്ളൂ. ശേഷിച്ച മൂന്ന് വിക്കറ്രുകളും സ്വന്തമാക്കി ആകെ ആറ് വിക്കറ്റുകൾ നേടി കരിയർ ബെസ്റ്റ് പ്രകടനവുമായി ഉമേഷ് യാദവാണ് വിൻഡീസ് ഇന്നിംഗ്സിന് തിരശീലയിട്ടത്. 98 റൺസിൽ ഇന്നലെ ബാറ്റിംഗാരംഭിച്ച വിൻഡീസ് ഇന്നിംഗ്സിന്റെ നട്ടെല്ലായ റോസ്റ്റൺ ചേസ് (106) ഇതിനിടെ അർഹിച്ച സെഞ്ച്വറി സ്വന്തമാക്കി.ദേവേന്ദ്രോ ബിഷുവിന്റെ വിക്കറ്റാണ് ഇന്നലെ വിൻഡീസിന് ആദ്യം നഷ്‌ടമായത്. ബിഷുവിനെ ഉമേഷ് ക്ലീൻബൗൾഡാക്കുകയായിരുന്നു. തുടർന്ന് 102-ാം ഓവറിൽ അടുത്തടുത്ത പന്തുകളിൽ ചേസിനെ ക്ലീൻബൗൾഡാക്കിയും ലാസ്റ്റ്മാൻ ഷാനൻ ഗബ്രിയേലിനെ (0) പന്തിന്റെ കൈയിൽ എത്തിച്ചുമാണ് ഉമേഷ് വിൻഡീസ് ഇന്നിംഗ്സിന് ഫുൾസ്റ്റോപ്പിട്ടത്. വാരിക്കാൻ (8) പുറത്താകാതെ നിന്നു. 189 പന്ത് നേരിട്ട് 8 ഫോറും 1 സിക്സും ഉൾപ്പെട്ടതാണ് ചേസിന്റെ സെഞ്ച്വറി ഇന്നിംഗ്സ്.

തുടർന്ന് ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യയ്ക്ക് പ്രിഥ്വി ഷാ വീരേന്ദർ സെവാഗിനെ അനുസ്മരിപ്പിക്കും വിധം വെടിക്കെട്ട് തുടക്കമാണ് നൽകിയത്. കെ.എൽ. രാഹുലിനെ (4) ഒരറ്റത്ത് കാഴ്ചക്കാരനാക്കി പ്ര്വിഥ്വി അടിച്ചു കസറി. ഇന്നിംഗ്സിലെ ആദ്യ ഓവറിൽ തന്നെ ഷാനൻ ഗബ്രിയേലിനെ സിക്‌സിന് പറത്തി നയം വ്യക്തമാക്കിയ പ്രിഥ്വി ഒരു ഫോറും അടിച്ചു. ഒന്നാം ഓവറിൽ ഇന്ത്യയ്ക്ക് കിട്ടിയത് 15 റൺസ്. 39 പന്തിലാണ് പ്രിഥ്വി അർദ്ധ സെഞ്ച്വറി നേടിയത്. രാഹുലിനും (4) പുജാരയ്ക്കും (10) തിളങ്ങാനായില്ല. രാഹുലിനെ ഹോൾഡറും പുജാരയെ ഗബ്രിയേലുമാണ് പുറത്താക്കിയത്. പ്രിഥ്വി വാറിക്കന്റെ പന്തിൽ ഹെറ്റ്മേയർക്ക് ക്യാച്ച് നൽകി മടങ്ങി. വെറും 53 പന്തിൽ 11 ഫോറും 1 സിക്‌സും ഉൾപ്പെട്ടതാണ് പ്രിഥ്വിയുടെ ഇന്നിംഗ്സ്. കൊഹ്‌ലിയും ഹോൾഡർക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. തുടർന്ന് ക്രീസിൽ ഒന്നിച്ച രഹാനെയും പന്തും നാലാം വിക്കറ്റിൽ 146 റൺസ് കൂട്ടിച്ചേർത്തു കഴിഞ്ഞു.