ചങ്ങനാശേരി: ശബരിമല വിഷയത്തിൽ വിശ്വസികൾക്കൊപ്പമാണ് എൻ.എസ്.എസ് നിലകൊള്ളുന്നതെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. എൻ.എസ്.എസിനെ ഹൈജാക്ക് ചെയ്യാനുള്ള രാഷ്ട്രീയപാർട്ടികളുടെ നീക്കം പരാജയപ്പെട്ട ചരിത്രമാണുള്ളതെന്നും രാഷ്ട്രീയം പറഞ്ഞും സവർണ അവർണ മുദ്ര കുത്തിയും പ്രതിഷേധത്തെ തടയാനുള്ള നീക്കം നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ലേഖനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തിൽ എൻ.എസ്.എസ് സ്വീകരിച്ച നിലപാടിൽ ഉറച്ചു നിൽക്കും.കൂടിയാലോചനകൾ നടത്താതെയും വിശ്വാസികളുടെ വികാരം കണക്കിലെടുക്കാതെയും സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും കോടതി വിധി നടപ്പിലാക്കാൻ തിടുക്കം കാണിച്ചപ്പോഴാണ് വിശ്വാസികൾക്കൊപ്പം സമാധാനപരമായ പ്രതിഷേധത്തിനിറങ്ങിയത്- സുകുമാരൻ നായർ പറഞ്ഞു.