rahul-gandhi

ബംഗളൂരു: റാഫേൽ യുദ്ധ വിമാന കരാറുമായി ബന്ധപ്പെട്ട് മോദി സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി എച്ച്.എ.എല്ലിലെ മുൻ ഉദ്യോഗസ്ഥരുമായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി. തന്ത്രപ്രധാനമായ റാഫേൽ കരാറിൽ നിന്ന് എച്ച്.എ.എൽ ഒഴിവാക്കപ്പെടുകയായിരുന്നു. റാഫേൽ എച്ച്.എ.എല്ലിന്റെ അവകാശമായിരുന്നെന്നും രാഹുൽ പറഞ്ഞു. എച്ച്.എ.എല്ലിലെ ഇപ്പോഴത്തെ തൊഴിലാളികളുമായും രാഹുൽ സംവദിച്ചു. ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങൾ ഇല്ലാതാക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഇത് അനുവദിക്കാൻ സാധിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 78 വർഷത്തെ പാരമ്പര്യമുള്ള എച്ച്.എ.എല്ലിനാണ് യുദ്ധവിമാനങ്ങൾ നി‌ർമ്മിക്കാനുള്ള പ്രവൃത്തി പരിചയമുള്ളത്. ഇതിനെതിരെ സംസാരിക്കുന്ന ബി.ജെ.പി സർക്കാർ മണ്ടത്തരമാണ് പറയുന്നതെന്നും രാഹുൽ ആരോപിച്ചു. റാഫേൽ യുദ്ധവിമാന ഇടപാടിൽ എച്ച്.എ.എല്ലിനെ ഒഴിവാക്കിയ കേന്ദ്ര നിലപാടിന് തൊഴിലാളികളോട് മാപ്പു ചോദിക്കുന്നതായും രാഹുൽ പറഞ്ഞു. എയ്റോസ്പേസ് രംഗത്ത് കഴിവുതെളിയിച്ച എച്ച്.എ.എല്ലിന്റെ പ്രവൃത്തി പരിചയത്തെ ചോദ്യം ചെയ്ത പ്രതിരോധ മന്ത്രി, ഇതുവരെ ഒരു വിമാനം പോലും നിർമ്മിച്ചിട്ടില്ലാത്ത അനിൽ അംബാനിയുടെ കമ്പനിയുടെ പരിചയത്തെ കുറിച്ചാണ് ആദ്യം അന്വേഷിക്കേണ്ടതെന്നും രാഹുൽ കുറ്റപ്പെടുത്തി.