തിരുവനന്തപുരം: സംസ്ഥാന ജൂനിയർ അത്‌ലറ്റിക്ക് മീറ്റിൽ ആദ്യ ദിനം മുന്നിലായിരുന്ന തൃശൂരിനെ പിന്തള്ളി പാലക്കാടും എറണാകുളവും ഓവറാൾ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ രണ്ടാം ദിനത്തെ മത്സരങ്ങൾ അവസാനിക്കുമ്പോൾ 11 സ്വർണവും 20 വെള്ളിയും 13 വെങ്കലവും ഉൾപ്പെടെ 275 പോയിന്റുമായി എറണാകുളമാണ് മുന്നിൽ. 10 സ്വർണവും അഞ്ചു വെള്ളിയും 23 വെങ്കലവും ഉൾപ്പെടെ 260 പോയിന്റുമായി പാലക്കാട് തൊട്ടുപിന്നിലായി രണ്ടാം സ്ഥാനത്തുണ്ട്. ആതിഥേയരായ തിരുവനന്തപുരം 17 സ്വർണവും ആറു വെള്ളിയും ഒൻപത് വെങ്കലവും ഉൾപ്പെടെ 228 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. ആദ്യദിനം ഒന്നാം സ്ഥാനത്തായിരുന്ന തൃശൂർ അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. ഇന്നലെ പത്ത് പുതിയ റെക്കാഡുകളാണ് പിറന്നത്
അണ്ടർ 14 പെൺകുട്ടികളുടെ 600 മീറ്ററിൽ എറണാകുളത്തിന്റെ അലീനാ മരിയ ജോൺ (ഒരു മിനിറ്റ് 38.63 സെക്കൻഡ്), അണ്ടർ 16 പെൺകുട്ടികളുടെ ജാവലിൽത്രോയിൽ കണ്ണൂരിന്റെ ഐശ്വര്യാ സുരേഷ് (34.15 മീറ്റർ ), .18ൽ താഴെയുള്ള പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ കോഴിക്കോടിന്റെ അപർണ റോയി ( 13.89 സെക്കൻഡ്),ഇതേ വിഭാഗത്തിൽ ഡിസ്കസ് ത്രോയിൽ സ്വന്തം പേരിലുള്ള റിക്കാർഡ് തിരുത്തി തൃശൂരിന്റെ പി.എ അതുല്യ(36.96 മീറ്റർ), 20ൽ താഴെ വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ (12 മിനിറ്റ് 28.92 സെക്കൻഡ്) കോട്ടയത്തിന്റെ നിബിയാ ജോസഫ്, അണ്ടർ 16 ആൺകുട്ടികളുടെ ലോംഗ് ജമ്പിൽ തിരുവനന്തപുരത്തിന്റെ ആദിത്യകുമാർ സിംഗ് (6.93 മീറ്റർ ), 18 വയസിൽ താഴെയുള്ളവരുടെ 400 മീറ്ററിൽ കോഴിക്കോടിന്റെ കെ.ടി സയൂജ് (48.76 സെക്കൻഡ്), ഈ വിഭാഗത്തിൽ 1500 മീറ്ററിൽ എറണാകുളത്തിന്റെ ആദർശ് ഗോപി(3:55.02), 10000 മീറ്റർ നടത്തത്തിൽ പാലക്കാടിന്റെ ഡി.കെ നിഷാന്ത് (48 മിനിറ്റ് 13.11 സെക്കൻഡ്), 20 വയസിൽ താഴെയുള്ള പുരുഷൻമാരുടെ 1500 മീറ്ററിൽ തിരുവനന്തപുരത്തിന്റെ അഭിനവ് സുന്ദരേശൻ ( മൂന്നു മിനിറ്റ് 53.45 സെക്കൻഡ്) എന്നിവരാണ് പുതിയ റെക്കാഡ് കുറിച്ചത്.